Monday, January 23, 2012

നാട്യാരാധനകൾ ആത്മീയതയുടെ ആത്മാവെടുക്കുന്നു!

ആത്മീയതയിൽ നിന്ന് ആധുനികതയിലേക്ക് വന്ന മനുഷ്യൻ ആധുനികതയിൽ നിന്ന് ആത്മീയതയിലേക്ക് പാഞ്ഞടുക്കുന്ന കാഴ്ചകളാണിന്നെവിടെയും കാണാനാകുന്നത്. സമ്പത്തും പ്രതാപവും ആശ്വാസ സ്ത്രോതസ്സുകളല്ലെന്ന തിരിച്ചറിവുണ്ടായവർ സമാധാനത്തിന്ന് വേണ്ടി യാചിക്കുന്ന അവസ്ഥ നമ്മെ ചിന്തിപ്പിക്കാൻ പോന്നതാണ്. എല്ലാം നേടി എന്നഹങ്കരിച്ചിരുന്നവർക്കും എന്തോ ഒന്ന് നേടാൻ ബാക്കിയിരിക്കുന്നു എന്ന അസ്വസ്ഥമായ ചിന്തമാത്രമാണുള്ളത്. മനസ്സിൽ നാമ്പിട്ട് തുടങ്ങുന്ന അസ്വസ്ഥതകൾ വളർന്ന് മൂത്ത് പഴുത്ത് തുടങ്ങുന്നതോടെ ആശ്വാസ കേന്ദ്രങ്ങളിലെ നീണ്ട വരിയിലെ കണ്ണികളായി മാറി പരിവർത്തനം ചെയ്യപ്പെട്ട ആത്മജ്ഞാനികളായിട്ടവർ പുനർജനിക്കുകയും മാനവരാശിക്ക് സമാധാനം വിളമ്പുന്നു എന്നമട്ടിൽ ആത്മീയ കേന്ദ്രങ്ങളിലേക്കവർ ആളുകളെ എത്തിച്ചുകൊണ്ടേയിരിക്കുകയും , സമാധാനം കുപ്പിയിലോ ചരടുകളിലോ നിറച്ച് നിവൃതിയടയുകയും ചെയ്യുമ്പോൾ വിസ്മരിച്ച് പോകുന്നത് സൃഷ്ടാവിന്റെ കല്പനകളും അവനയച്ച പ്രവാചകരുടെ ചര്യകളുമാണ് എന്നതാണ് ഖേദകരമായിട്ടുള്ളത്.

എവിടെനോക്കിയാലും ദൈവകീർത്തനം ജപിച്ച് ആരാധനയിൽ മുഴുകി ദൈവ പ്രീതിനേടാൻ രാപ്പകലുകൾ ഇരക്കുന്ന യുവ സമൂഹം നമ്മെ അത്ഭുതപ്പെടുത്തുമാർ വർദ്ധിച്ച് കൊണ്ടിരിക്കുമ്പോഴും യഥാർത്ഥ ദൈവ വിശ്വാസിക്ക് ഒട്ടും ആശ്വാസമാകുന്നില്ല. പള്ളികളിൽ നിന്ന് പാടത്തേക്കും പറമ്പത്തേക്കും മാത്രമല്ല ആധുനികതയുടെ വാതിൽ‌പാളികൾ തള്ളിത്തുറന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളെ ഉണർത്തുവാൻ ഉതുകുന്ന beyluxe Messenger പോലുള്ള ആധുനിക സംവിധാനങ്ങളിലേക്കും മൊബൈൽ റേഡിയോകളിലേക്കും ആരാധനകൾ പറിച്ച് നട്ടപ്പോൾ ആത്മീയതക്ക് ആത്മാവ് നഷ്ടപ്പെടുകയാണോ എന്ന് സംശയിച്ചു പോവുകയാണ്. കേവലം ആൾകൂട്ട ബലത്തെ സമ്മേളിപ്പിക്കുക എന്നതായിരിക്കുന്നു നമ്മുടെ ആരാധനകർമ്മങ്ങൾ എന്ന് തോന്നിപ്പിക്കുമാറുള്ള സംഭാഷണങ്ങളും സംവാദങ്ങളുമാണ് എങ്ങും നടന്ന് കൊണ്ടിരിക്കുന്നത്.
ഒരു വശത്ത് മുടിയും അടിയാധാരങ്ങളും വിഷയമെങ്കിൽ മറുവശത്ത് ജിന്നും ചെകുത്താനും പിടിമുറുക്കുന്നു. മറ്റൊരിടത്ത് താടിയും തലപ്പാവും വിഷയമാകുമ്പോൾ പെണ്ണും മണ്ണും സടകുടഞ്ഞെഴുന്നേൽക്കുന്നു. ഇങ്ങിനെ പരസ്പരം മാന്തിക്കീറിക്കൊണ്ട് തൌഹീദ് പ്രചരിപ്പിക്കുമ്പോൾ നമ്മുടെയൊക്കെ ആരാധനകൾ വെറും നാട്യം മാത്രമായി മാറുകയാണ് . ഈ ബഹളങ്ങളൊക്കെ കണ്ട് ഊറിച്ചിരിക്കുന്ന ആത്മീയ കച്ചവടക്കാർ സമുദായത്തെ മാത്രമല്ല സമൂഹത്തെ ഒന്നാകെ തന്നെ ചൊല്പടിക്ക് നിർത്താനുള്ള തന്ത്രങ്ങളുമായി മുന്നോട്ട് പോകുന്നത് നാം കാണാതെ പോകുന്നത് മതസൌഹാർദ്ദത്തിന്റെ ഈറ്റില്യവും പോറ്റില്യവുമായ ദൈവത്തിന്റെ കടാക്ഷം എമ്പാടുമുള്ള കേരളത്തോടും ദൈവത്തോടുംകാണിക്കുന്ന നീതി കേടായിരിക്കും.

നിരാശയിൽ പുതഞ്ഞ് വെന്ത മനസ്സുകൾക്ക് കുളിര്പകർന്ന് സമാധാനവും ആശ്വാസവും പകരാൻ ഏതെങ്കിലുമൊരു മനുഷ്യ സൃഷ്ടിക്ക് കെല്പുണ്ടെങ്കിൽ

അതെത്ര പുണ്യമായ കാര്യമാണ് . എന്നാൽ മനുഷ്യന്റെ ആശാഭംഗങ്ങളെ ബോധപൂർവ്വം ചൂഷണം ചെയ്യുന്ന ആത്മീയ ചൂഷകരുടെ എണ്ണം പെരുകി വരികയും അവരെ പിൻപറ്റുന്ന അനുയായികൾ ചിന്താശൂന്യരാവുകയും ചെയ്യുമ്പോൾ ആത്മീയത കച്ചവടവൽക്കരിക്കപ്പെടുന്നത് സ്വാഭാവികം മത്രം.
മൂല്യത്തകർച്ചകൊണ്ട് നട്ടം തിരിയുന്ന രാഷ്ട്രീയ മേഖലപോലും അഭയം പ്രാപിക്കുന്നത് ആത്മീയചൂഷകരിലാണെന്നത് കൌതുകകരമായകാര്യമാണ്. ഒരു രാഷ്ട്രം തന്നെ പൂജകളിലാണ് വിശ്വാസമർപ്പിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ അതിനൊട്ട് അതിശയോക്തി ഇല്ലതാനും.

മാറിവരുന്ന സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന സ്വഭാവഗുണമുള്ളവരാണ് മലയാളികൾ എന്ന ബഹുമതി നമുക്കുണ്ടെങ്കിലും ഇന്ത്യക്കാർക്ക് മൊത്തത്തിൽ ഒരു അടിമത്വം സ്വീകരിക്കാൻ വെമ്പുന്ന മനസ്സുണ്ട് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും, അത് ശരിയായാലും തെറ്റായാലും ശിരസാവഹിക്കാൻ ആളുണ്ടാവുക,അവരുടെ ആജ്ഞാനവർത്തികളാവുക, അവർക്ക് വേണ്ടി ഇരുമെയ്യും മറന്ന് പ്രവർത്തിക്കുക എന്നിത്യാതി കാര്യങ്ങളിൽ നാം കാണിക്കുന്ന മിടുക്ക് മറ്റാർക്കുമുണ്ടാകില്ല . ഒരു പക്ഷെ ഈ മനോഭാവമായിരിക്കും കേരളീയരുടെ വളർച്ചക്കും തളർച്ചക്കും കാരണമായി ഭവിക്കുന്നത് എന്നും വിലയിരുത്താവുന്നതാണ്.

നയിക്കുന്ന നേതാക്കൾ നന്മയുടെ പാതയിലൂടെയാണ് നമ്മെ നയിച്ചതെങ്കിൽ ,അവരുടെ ആജ്ഞാനവർത്തികളായാണ് നാം പ്രവർത്തിച്ചതെങ്കിൽ തീർച്ചയായും നാമൊരു മുന്നേറ്റത്തിന്റെ പാതയിൽ തന്നെയായിരിക്കും. നേരെ മറിച്ച് നാം നയിക്കപ്പെട്ടത് തിന്മയുടെ മൂർത്തികളാലും ചിന്താശൂന്യരാലും ഹൃസ്വവീക്ഷണക്കാരാലുമാണെങ്കിലോ പതനത്തിന്റെ ആഴിയിൽ ഞെരിഞ്ഞമരുകയും ചെയ്യും. നമുക്കറിയാം ഇന്നും ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും പരസ്പരം സംശയിക്കപ്പെട്ട സമൂഹങ്ങളായി വേറിട്ട് കഴിയുന്ന മനുഷ്യരെയാണ് കാണാൻ കഴിയുന്നത്.സാമൂഹ്യ -സാമ്പത്തിക സ്ഥിതിയും വളരെ ദയനീയമാണ്. തയ്യൽ, കൊത്തുപണി, കൃഷിപ്പണി തുടങ്ങിയവയിൽ ഏർപ്പെട്ട് കഴിയുന്ന ഭൂരിഭാഗത്തിനും ഭൂമിയുടെ ഉടമസ്ഥാവകാശം പോലുമില്ലാത്തവരാണ് എന്നറിയുമ്പോൾ അവരുടെ നേതൃത്വമേറ്റെടുത്തവരുടെ കഴിവ് കേടോ സ്വ താല്പര്യമോ മുഴച്ച് നിൽക്കുന്നു എന്ന് കാണാം. ഇന്നുവരെ കേരളീയർ അതിൽ
നിന്നെല്ലാം ഭിന്നമാണ് എന്ന കാഴ്ചപ്പാടിലും തൊട്ടറിവിലും ആശ്വാസിക്കാനായത് നിസ്വാർത്ഥ സേവകരായ നേതാക്കളുടെ അണികളായിരുന്നു നാമെന്നതിനാലും നന്നെ ചെറുപ്പത്തിൽ തന്നെ പ്രവാസം സ്വീകരിക്കാൻ മടികാണിക്കാത്തവരുമായതിനാലാണ്.

എന്നാൽ ഇനിയുള്ള കാലം അത്തരത്തിൽ ആശ്വസിച്ചിരിക്കാൻ മലയാളിക്കാവില്ല എന്ന സൂചനകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.പ്രവാസത്തിന്റെ മരണമണി മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ വരുമാനത്തിന്റെ ദിശ മാറ്റേണ്ടതിനെകുറിച്ച് ബോധവാന്മാരയ സ്വാർത്ഥതാല്പര്യത്തിന്റെ ദല്ലാളുമാരും അവരെ നയിക്കുന്ന ആത്മീയ നേതാക്കളും നമ്മെ കൊണ്ടെത്തിക്കുന്നത് വടക്കേഇന്ത്യയിലെ സാമൂഹ്യസ്ഥിതിയിലെക്കാണോ എന്ന് ഭയപ്പെടുത്തുമാർ ഭരണകേന്ദ്രങ്ങളിൽ സ്വാധീനം വരിഞ്ഞ് മുറുക്കിയിരിയിരിക്കുന്നു. ഈ അടുത്ത് പ്രശസ്തികൊണ്ട് പ്രഗല്ഭനായ ഒരു ആത്മീയനേതാവ് പരസ്യമായി അവകാശപ്പെട്ടത് ഞങ്ങൾ
വിചാരിച്ചില്ലായിരുന്നെങ്കിൽ അവർ ഭരിക്കില്ലായിരുന്നു എന്നാണ്.മറ്റൊരു ആത്മീയഗുരു പറഞ്ഞത് ഞങ്ങളുടെ ആവശ്യമായിരുന്നു അദ്ദേഹം കേന്ദ്ര ഭരണത്തിലുണ്ടാവുക എന്നത് എന്നാണ്. ഇങ്ങിനെ വർഗ്ഗീയ ചേരി തിരിവിന്റെയും വിഭാഗീയതയുടെയും വിത്തുകൾ പാകുന്നത് ആത്മീയാചാര്യന്മാരാകുമ്പോൾ ഫലം വിവരണാതീതമാക്കും. സമുദായത്തെയും അതുൾകൊള്ളുന്ന സമൂഹത്തെയും തിന്മയുടെ കൂർത്തപല്ലുകൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി നന്മയുടെ പറുദീസയിൽ പാർപ്പിക്കാൻ യത്നിക്കേണ്ടവർ തങ്ങളുൾക്കൊള്ളുന്ന സമുദായത്തിൽ തന്നെ ചിദ്രതയുണ്ടാക്കാൻ നേതൃത്വം കൊടുക്കുമ്പോൾ അവരെ എങ്ങിനെയാണ് നാം വിശ്വാസത്തിലെടുക്കുക. എത് തരത്തിലാണ് അവരൊക്കെ സമൂഹ നന്മക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്ന് നാം ഉറപ്പിക്കുക?

കേരളത്തിൽ ആത്മീയാചാര്യ ഗുരുക്കന്മാരുടെ നിസ്തുല്യ സേവനം കണ്ടില്ലെന്ന് നടിക്കാൻ ഒരു സാംസ്കാരിക രാഷ്ട്രീയ ബുദ്ധിജീവിക്കുമാവില്ല. സാന്ദർഭികമായി പറയട്ടെ...
മഹാനായ പി.എം.എസ് എ പൂക്കോയതങ്ങളിൽ നിന്നുദിച്ച ഒരു വെള്ളിനക്ഷത്രമുണ്ടായിരുന്നു നമുക്ക് .കേരളരാഷ്ട്രീയത്തിലെ കാറ്റുംകോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിൽ നാല്പതോളം കൊല്ലക്കാലം നിറ സാന്നിധ്യമാവുകയും മുപ്പതോളം വർഷം തന്റെ പ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും ചെയ്ത പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ! (നവ്വറള്ളാഹു മർകദഹു) ലാളിത്യത്തിന്റെയും സൌമ്യതയുടെയും പര്യായമായ ആപൂങ്കനി അധികാര സിംഹാസനം കൈഎത്തും ദൂരത്തുണ്ടായിട്ടും അതിലൊന്ന് തൊട്ട് നോക്കുവാൻ പോലും താല്പര്യം കാണിക്കാതെ ഉത്തമരായവരെ അതിലിരുത്താൻ യത്നിക്കുകയാണുണ്ടായത്.സമാധാനവും സമുദായ സൌഹാർദവും ആഗ്രഹിക്കുന്ന ജനങ്ങൾക്ക് ഏറ്റവും വലിയ പ്രചോദന കേന്ദ്രമായി തന്റെ ജീവിതം കാണിച്ചുകൊടുക്കാനും സൌമ്യനും മിതഭാഷിയുമായിരുന്ന അദ്ദേഹത്തിനായി എന്ന് മാത്രമല്ല പ്രതിസന്ധി ഘട്ടങ്ങളിൽ ഉറച്ച തീരുമാനങ്ങളിലൂടെ അതിശയകരമായ ധാർമ്മിക ശക്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്ന അസാധാരണമായ ഒരു ആത്മീയാചാര്യൻ കൂടിയായിരുന്നു അദ്ദേഹം. അങ്ങിനെയുള്ള ആത്മീയാചാര്യന്മാരുടെ അനുയായികളും ആജ്ഞാനവർത്തികളുമായിരുന്ന നമുക്കിടയിലേക്ക് നിസ്തുല്യ സേവകരായ രാഷ്ട്രീയ നേതാക്കളുടെ മറപറ്റിക്കൊണ്ട് പുതിയ ചില ആത്മീയ നേതാക്കളുടെ രാഷ്ട്രീയമായ ഇടപെടലുകൾ ഏത് തരത്തിലാണ് നമ്മെ സ്വാധീനിക്കുക എന്ന് നാം കണ്ടറിയേണ്ടിയിരിക്കുന്നു.

സ്വാർത്ഥ താല്പര്യങ്ങളുടെയും വിഭാഗീയ സൃഷ്ടിപ്പുകളുടെയും പിതാക്കളായ അത്തരം ആത്മീയ ഗുരുക്കന്മാർ സമുദായത്തിന്റെയും അതുൾകൊള്ളുന്ന സമൂഹത്തിന്റെയും കുത്തക അവകാശപ്പെട്ട് അധികാര സിംഹാസനങ്ങളെ അലോസരപ്പെടുത്തുന്നത് നിത്യ സംഭവങ്ങളാകുമ്പോൾ അതൊന്നും കണ്ടില്ലെന്ന് നടിച്ച് കേവലം രാഷ്ട്രീയ ലാഭം മാത്രം പ്രതീക്ഷിച്ച് അവരുടെ തോളത്ത് കൈചേർത്ത് നിൽക്കാൻ ഉത്സുക്യം കാണിക്കുന്ന നേതാക്കളെ ഇന്നെല്ലെങ്കിൽ നാളെ സമൂഹം തിരിച്ചറിയും. മറിച്ചാണെങ്കിൽ തീർച്ചയായും നാം ചെന്നെത്തിപ്പെടുക ആത്മീയ ച്യുതിയിലേർപ്പെടാൻ കൊട്ടാരങ്ങൾ പണിത് കാത്തിരിക്കുന്ന ആത്മീയാചാര്യന്മാരുടെ കാൽകീഴിലായിരിക്കും എന്ന തിരിച്ചറിവിന്ന് കുറെയധികം മുന്നോട്ട് പോകേണ്ടതായിവരില്ല! .
~®zubairchelari&rumanapadikkal~
`

3 comments:

  1. രക്ഷകന്‍ എന്നൊരാളില്ല. അധവാ ആ വേഷം കെട്ടി ആരെങ്കിലും അവതരിക്കുന്നുണ്ടെങ്കില്‍ അയാളുടെ ലക്ഷ്യം ചൂഷണം മാത്രമാണ്.
    അറിയുക എല്ലാം. സ്വയം രക്ഷകനാകുക.
    ഇത് സ്ത്രീക്ക് മാത്രമല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്.

    ReplyDelete
  2. ഇന്ന് യഥാര്‍ത്ഥ വിശ്വാസി ചൂഷണം ചെയ്യപെടുന്നു ആത്മീയതയുടെ ലേബലില്‍ എല്ലാ മതങ്ങളും മത വിഭാഗങ്ങങ്ങളും അത്തരത്തില്‍ ഉള്ള ചൂഷണങ്ങള്‍ നടത്തുന്നതിനു മത്സരിക്കുന്നു എന്നതാണ് സത്യം

    ReplyDelete
  3. മുടിയില്‍ കുടുക്കി സമുദായത്തിന്റെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്ന വര്‍ത്തമാന കേരള പരിസരത്തിനു നല്‍കുന്ന പ്രസക്തമായ ചിന്തകള്‍.. ആശംസകള്‍
    നേരിനോപ്പം നടക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...