Wednesday, October 8, 2008

സംസാരത്തിലെ കാണാപ്പുറങ്ങള്

അടുത്താണ് സ്റ്റെനോഗ്രാഫി പഠിക്കുന്ന ഒരു സുഹൃത്തിനെ കിട്ടിയത്. ചുരുക്കെഴുത്തിന്റെ ലോകത്തിരുന്ന് നിശബ്ദനായി എഴുതുന്ന അദ്ദേഹത്തിന്റെ പുസ്തകകൂമ്പാരങ്ങള്‍ക്ക് മുകളില്‍ അലക്ഷ്യമായി കിടന്ന ഒരു പുസ്തകത്തിന്റെ പുറത്ത് “വില്യം ഗില്ലറ്റ് ” എന്നെഴുതിവെച്ചത് യാദൃച്ഛികമായാണ്‍ എന്റെ ശ്രദ്ധയില്‍‌പെട്ടത്.

കൌതുകത്തോടെ ആപുസ്തകം കയ്യിലെടുത്തെങ്കിലും പിഞ്ഞിയ താളുകളില്‍ അവ്യക്തമായി എന്തൊക്കയോകുറിച്ച് വെച്ചിരിക്കുന്നതിനാല്‍ ഞാനാപുസ്തകം അവിടെതന്നെവച്ചു. ഇത് കണ്ട എന്റെ സുഹൃത്ത് ആപുസ്തകമെടുത്ത് എനിക്ക് തിരികെ തന്ന്‌കൊണ്ട് വായിക്കാന്‍ ആവശ്യപ്പെട്ടു.

അത്യാവശ്യമായ കാര്യങ്ങളില്ലാതെ അദ്ദേഹം വായിക്കാന്‍ ആവശ്യപ്പെടില്ലാ എന്നതിനാല്‍ രണ്ട്ദിവസം കൊണ്ട് തിരിച്ച് തരാമെന്ന വ്യവസ്ഥയില്‍ ഞാനാപുസ്തകം ബാഗിലിട്ടു.

രണ്ട് ദിവസം പൂര്‍ത്തിയാകാനിരിക്കെ തുറന്ന് നോക്കാത്ത പുസ്തകം പെട്ടെന്നാണ് ഓര്‍മയില്‌വന്നത്. ഞാന്‍ ധൃതിയില്‍ പുസ്തകം ബാഗില്‍നിന്നെടുത്ത് വായിച്ച് തുടങ്ങി.

സ്റ്റെനോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്ന “വില്യം ഗില്ലറ്റ് ” എന്നനടന്‍ ചുരുക്കെഴുത്തിലൂടെ തന്റെ സഹപാഠികളുടെ സംഭാഷണം പകര്‍ത്തിയത് മാതൃകയാക്കി ഒരു പരീക്ഷണം നടത്തിയതാണ്‍ കക്ഷി.

വക്കുകള്‍ മുറിഞ്ഞ് പോയ വാക്കുകള്‍ കൂട്ടിയോജിപ്പിക്കാന്‍ ഞാനേറെ പണിപ്പെട്ടെങ്കിലും രസകരമായിരുന്നു ആവായന.

തന്റെ നാല് സുഹൃത്തുക്കള്‍ തന്നോടൊപ്പമിരിക്കുമ്പോള്‍ എന്തൊക്കെയാണ് സംസാരിക്കാറുള്ളതെന്ന് ചുരുക്കെഴുത്തിലൂടെ പകര്‍ത്തിവെച്ചിരിക്കുകയാണദ്ദേഹം. ഇരുന്നൂറ്പേജുള്ള ആ പുസ്തകത്തിന്റെ ഉള്ളടക്കം മനസ്സിലാക്കി അവസാനഭാഗത്തേക്ക് കടന്നപ്പോഴാണ്‍ കാര്യത്തിന്റെ ഗൌരവം എനിക്ക് പിടികിട്ടിയത്.

ഒരു നിരീക്ഷണത്തിന്റെ ഭാഗമായി കുറച്ച് ദിവസംകൂടി എനിക്കാപുസ്തകം ആവശ്യമായി വന്നതിനാല്‍ ഏഴ് ദിവസത്തേക്ക്കൂടി കൈവശം വെക്കാന്‍ അനുമതിചോദിച്ചപ്പോള്‍ വിനയപൂര്‍വ്വം അനുവാദം തന്ന അദ്ദേഹം ആവശ്യം കഴിഞ്ഞ് തിരിച്ച് തന്നാല്‍ മതി എന്നുകൂടിപറഞ്ഞപ്പോള്‍ എനിക്ക് ആവേശമായി.

വാരന്ത്യത്തിന്റെ രാത്രികളില്‍ ഒത്തുകൂടുന്ന കൂട്ടായ്മയില്‍ പങ്കെടുക്കുന്ന സ്ഥിരം കക്ഷികളായിരുന്നു എന്റെ ടാര്‍ജറ്റ്. മണിക്കൂറുകള്‍നീളുന്ന സംഭാഷണങ്ങള്‍ ആധുനിക സംവിധാനങ്ങളുപയോഗിച്ച് ഒപ്പിയെടുത്ത് ഏകാന്തതിയിലിരുന്ന് റീപ്ലെചെയ്യുന്നത് പതിവാക്കിയ എനിക്ക് ഇച്ഛാഭംഗം തോന്നിത്തുടങ്ങാന്‍ അതികനാള്‍ വേണ്ടിവന്നില്ല. ചപ്പും ചവറുകളുമായ സംഭാഷണങ്ങള്‍ കേട്ട്

മനസ്സിനേറ്റ നൈരാശ്യം എന്നെ മൂകയാക്കുന്നു എന്ന് എനിക്ക്തന്നെ തോന്നിത്തുടങ്ങിയ നാളുകള്‍!!.

കൂട്ടുകാരികള്‍ക്കും ഭിന്നമായ അഭിപ്രായമല്ല. എന്റെ പ്രസരിപ്പിന്ന് മങ്ങലേറ്റെന്നവാദം ഞാന്‍ അംഗീകരിക്കുമ്പോള്‍ തന്നെ കാരണമെന്തെന്ന് ഞാന്‍ പറഞ്ഞതുമില്ല.

ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ സ്വയം ഒതുങ്ങിത്തുടങ്ങി. എന്റെ വാക്കുകള്‍ മറ്റുള്ളവരില്‍ എന്താണ്‍ തോന്നിക്കുന്നതെന്ന ചിന്തയില്‍ സംസാരങ്ങളെ അളന്ന് മുറിച്ച് ചുരുക്കെഴുത്ത്‌പോലെ കുറുക്കികൊണ്ടിരുന്നു. ക്രമേണ ഞാന്‍ വാരാന്ത്യ കൂട്ടായ്മയിനിന്ന് തന്നെ അകന്നു സ്വയം സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തുതുടങ്ങി. ആര്‍ക്കും ഉപകാരമില്ലാത്ത സംഭാഷണങ്ങളെന്നത് മാത്രമല്ല മറ്റുള്ളവര്‍ക്ക് വിവിധരീതിയില്‍ ഹാനികരമാകുന്നരീതിയിലുള്ള കുറെ കാര്യങ്ങള്‍ സംസാരിച്ച് സമയം കളയുകയായിരുന്നല്ലോ എന്നകാര്യം ഞാന്‍‌‌പോലും മനസ്സിലാക്കിയത് എന്റെ ശബ്ദം ഒപ്പിയെടുത്ത് റീപ്ലേ ചെയ്ത് കേട്ടപ്പോഴാണല്ലോ എന്ന കാര്യവും എന്നെ അലട്ടികൊണ്ടിരുന്നു.

അത് കൊണ്ട്തന്നെ ഇതിനൊരു മാറ്റം ആവശ്യമാണെന്ന തോന്നല്‍ എന്നില്‍ ബലപ്പെട്ടുതുടങ്ങി. ഒപ്പിയെടുത്ത സംഭാഷണ ടേപ്പുകളുമായി ഞാന്‍ വീണ്ടും കൂട്ടുകാരികള്‍ക്കിടയിലേക്കിറങ്ങി. എന്റെ പെട്ടെന്നുണ്ടായ മാറ്റത്തെകുറിച്ച് ആമുഖമായി ഞാനൊരു വിവരണം കൊടുത്ത ശേഷം മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ സംസാരിച്ച് മറന്ന സംഭാഷണങ്ങള്‍ വീണ്ടും ശ്രവിച്ചു.

ശബ്ദങ്ങള്‍ ടേപ്പിലൂടെ പുറത്ത്‌വരുമ്പോഴുണ്ടാകുന്ന ജാള്യത ഓരോശബ്ദയുടമയുടെയും മുകത്ത് മിന്നിക്കൊണ്ടിരുന്നു. ഞാനുള്‍പ്പെടെ ആര്‍ക്കും നിഷേധിക്കാനാവാത്ത തെളിവുകള്‍.!!

ഓരോരുത്തരുടെയും ശബ്ദത്തിലൂടെ പുറത്ത്‌വന്ന സംഭാഷണങ്ങളില്‍ എന്താണ്‍ അടങ്ങിയിരിക്കുന്നതെന്ന വിലയിരുത്തല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടശേഷം ഞാന്‍ “വല്യം ഗില്ലറ്റ് ” എന്നെഴുതിയ ആ കയ്യെഴുത്ത് പുസ്തകത്തിന്റെ അവസാന ഭാഗമെടുത്ത് കൂട്ടുകാരികള്‍ക്കായി ഇങ്ങനെ വായിച്ചു.

“നമ്മുടെ സംഭാഷണങ്ങളെ നമുക്ക് മൂന്നായി ഭാഗിക്കാം,

ഒന്ന് ധാര്‍മികതയിലൂന്നിയ സംസാരവും രണ്ട് സാധാരണരീതിയിലുള്ള സംസാരവും മൂന്ന് അല്പ്ന്മാരുടെ സംസാരവും.”

‘ ധാര്‍മികതയിലൂന്നി സംസാരിക്കുന്ന വിശിഷടവെക്തികളുടെ സംസാരം ശ്രദ്ധിച്ച് നോക്കൂ.. അവരുടെ സംഭാഷണങ്ങള്‍ ആളുകളെക്കാളേറെ ആശയങ്ങളെകുറിച്ചായിരിക്കുമെന്നത് ഒരു പക്ഷെ നമ്മെ അത്ഭുതപ്പെടുത്തിയേക്കും. ഇനി ആളുകളെ കുറിച്ച് അവര്‍ പറയുന്നതാകട്ടെ അതെപ്പോഴും നല്ല കാര്യങ്ങളായിരിക്കുകയും ചെയ്യും’.

ഇനി സാധാരണക്കാരായ മനുഷ്യരുടെ കാര്യമെടുക്കാം. അവരുടെ സംസാരത്തില്‍ എപ്പോഴും മുഴച്ച് നില്‍ക്കുന്നത് ഏതെങ്കിലും സംഭവങ്ങളായിരിക്കും . ആശയങ്ങളെ കുറിച്ച് ഏറെ സംസാരിക്കുക അവര്‍ക്കത്ര എളുപ്പമല്ലായിരിക്കില്ല.

ഇനി അല്പമാരെങ്ങിനെയാണ് വില്യം ഗില്ലറ്റിന്റെ നിരീക്ഷണത്തിലെന്ന് നോക്കാം.

അവരുടെ സംഭാഷണവിഷയങ്ങളെപ്പോഴും ആളുകളായിരിക്കും. ആളുകളെ കുറിച്ച് അവര്‍ പറയുന്നതാകട്ടെ ആരോ എവിടെയോ പറഞ്ഞുകേട്ട കാര്യങ്ങളും. അങ്ങിനെ പറഞ്ഞ്‌കേട്ട കാര്യങ്ങള്‍ പലപ്പോഴും സത്യത്തിന്റെ കണികപോലും കാണുകയില്ലതാനും.

മുകളില്‍ പറഞ്ഞ മൂന്ന് വിഭാഗങ്ങളില്‍ ഏത് ഗണത്തിലാണ് നമ്മുടെ സ്ഥാനം എന്ന് ചോദിച്ച് കൊണ്ട് അവസാനിക്കുന്ന ആനിരീക്ഷണങ്ങള്‍‌ക്കൊടുവില്‍ “മറ്റുള്ളവര്‍ നമ്മെബഹുമാനിക്കണമെന്നും ആദരിക്കണമെന്നുമൊക്കെ മോഹമുള്ളവരല്ലെ നമ്മള്‍? നിര്‍ഭാഗ്യവശാല്‍ മൂന്നാമത്തെ ഗണത്തിലാണ് നാമെങ്കില്‍ നമ്മുടെ സ്ഥിതി എന്തായിരുക്കുമെന്ന് ചിന്തിച്ച് നോക്കൂ... എന്ന് മാത്രമല്ല സംസാരത്തില്‍ പിഴക്കാത്തവര്‍ ഭാഗ്യവാനാണെന്നകാര്യം സ്മരിക്കുമ്പോള്‍ തന്നെ നമ്മുടെ സംഭാഷണം മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക

എന്റെ വായന അവസാനിച്ചപ്പോഴും കൂട്ടുകാരികള്‍ മാസങ്ങളായി നടത്തിയ സംഭാഷണത്തിന്റെ ജ്യാള്യതയില്‍ നിന്ന് മോചിതരായിട്ടില്ലായിരുന്നു. ഒപ്പിയെടുത്ത കുശുകുശുക്കലുകള്‍ അവരെ ബാധിക്കുമോ എന്നായിരുന്നു അവരുടെ ശങ്ക . അത് കൊണ്ട് തന്നെ അവരുടെ മുന്നില്‍ വെച്ച് ആടേപ്പുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തു.

കേവലം ഒരു കൌതുകത്തിന്ന് വായിച്ച വരികളെന്നെ എത്രമാത്രം സ്വാധീനിച്ചിരുന്നോ അതിനേക്കാള്‍ പതിന്മടങ്ങ് സ്വാധീനമായിരുന്നു എന്റെ കൂട്ടുകാരികള്‍ക്ക് അവരുടെ സംഭാഷണങ്ങള്‍ റിക്കാഡ്‌ചെയ്ത് കേട്ടപ്പോഴുണ്ടായതെന്ന് പിന്നീടുള്ള അവരുടെ സംസാരങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയെങ്കിലും ഖേദകരമെന്ന് പറയട്ടെ എന്നോട് മാത്രമായിരുന്നു ചപ്പും ചവറും നിറഞ്ഞ സംസാരത്തില്‍ നിന്നവര്‍ അകന്ന് നിന്നിരുന്നുള്ളൂ എന്നത് എന്നെ മറ്റൊരു നിരീക്ഷണത്തിലേക്കാണ്‍ കൊണ്ടെത്തിച്ചത്.

ആനിരീക്ഷണം ഇങ്ങിനെയായിരുന്നു. സംഭാഷണങ്ങള്‍ക്ക് വിഷയമില്ലാത്തതിന്റെ പോരായ്മയല്ല നമ്മുടെ സംസാരങ്ങള്‍ തരംതാഴ്ന്നുപോകുന്നത്. നിലവാരമുള്ള സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആളില്ലാ എന്നതാണ്.

ആഘോഷങ്ങളും പൊട്ടിച്ചിരികളും മാത്രമാണ്‍ ജീവിതലക്ഷ്യം എന്ന് ധരിച്ച് വെക്കുന്ന ഒരു സമൂഹമായി നാം മാറികൊണ്ടിരിക്കുമ്പോള്‍ നിലവാരമില്ലാത്ത കോമഡികളും അന്യനെ ദുഷിക്കലും കേട്ട് പൊട്ടിച്ചിരിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ക്കിടയിലിരുന്ന് ധാര്‍മ്മികത യിലൂന്നിയ സംസാരശൈലിയിലൂടെ ചപ്പും ചവറുമായ സംഭാഷണങ്ങള്‍ ഒഴിവാക്കണമെങ്കില്‍ മൌനം ഭജിക്കുകയെ നിര്‍വാഹമുള്ളൂ

```````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````

12 comments:

 1. ആരുമായാണോ സംസാരിക്കുന്നത് അവരുടെ കൂടി അഭിരുചി കണക്കിലെടുത്താണ് വിഷയം തെരഞെടുക്കാറ്, ഇത്തരം കണക്കെടുപ്പുകൾ നടത്തിയാൽ പല കൂട്ടുകാരുമായും സംസാരമേ ഇല്ലാ‍താവും

  ReplyDelete
 2. സീരിയസ്സായ കാര്യങ്ങള്‍ സംസാരിക്കുന്ന ആളുകളിപ്പോഴുമുണ്ടാവും അല്ല ഉണ്ട്. അവരെ കണ്ടെത്തുക. വിഷമം മാറും.

  ReplyDelete
 3. നല്ല പോസ്റ്റ്. മറ്റുള്ളവരുടെ സംസാരത്തിൽ നമുക്കു നിയന്ത്രണമൊന്നുമില്ലെങ്കിലും സ്വന്തം സംസാരത്തെ കുറിച്ച് ശ്രദ്ധിക്കാമല്ലൊ. ഇഷ്ടമായി ഈ പോസ്റ്റ്

  ReplyDelete
 4. ശെഫിടെ കമന്റിന് താഴെ ഒരു കയ്യൊപ്പ്‌.
  നിരീക്ഷണങളെ നല്ല രീതിയില്‍ തന്നെ കാണുന്നു.
  അഭിരുചികള്‍ വ്യക്തികളെ വ്യകതികളുമായി അടുപ്പിക്കുന്നു.
  എന്നോട്‌ സമരസപ്പെട്ടുപോവാത്തവരെയെല്ലാം ഒഴിവാക്കുക എന്നൊരു ബിന്ദുവില്‍ ഞാന്‍ പിന്മാറുന്നു.
  അങനെ പിന്മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ എന്നോട്‌ തന്നെ സംസാരം നിര്‍ത്തിയേക്കാം.

  ReplyDelete
 5. ചില തമാശകള്‍
  ഞാന്‍ തിരിച്ചറിയില്ല
  പൊട്ടനെപ്പൊലെ നില്‍ക്കും.
  അവര്‍ മാത്രം ചിരിക്കും.

  ചില തമാശകള്‍
  വൈകിമാത്രം തിരിച്ചറിയും
  തിരിച്ച് പറയാനറിയില്ല
  രസിച്ച പോലെ ചിരിച്ച് നില്‍ക്കും.

  ചില തമാശകള്‍
  എന്നെ പുകഴ്ത്തുന്നതായിത്തോന്നും,
  രസിക്കും...പക്ഷെ,
  കിടക്കുന്നതിന്‍ മുന്‍‌പോര്‍ത്തു
  കരയും

  ചില തമാശകള്‍ അവര്‍
  പാതിവഴിയിലുപേക്ഷിക്കും
  ചെവിയില്‍ മാത്രം പിറുപിറുക്കും
  ഓര്‍തോര്‍ത്ത് ഞാന്‍ വേവും.

  ചില തമാശകള്‍ അവരില്‍
  ചിരിയുയര്‍ത്തുന്നതിന്‍‌മുന്‍പെന്റെ
  ഹൃടയം പിളരും.
  അവര്‍ സഹതപിച്ചു പരസ്പരം നോക്കും
  പിന്നെ പൊട്ടിച്ചിരിക്കും

  ചില തമാശകള്‍
  ചൊറിച്ച് മല്ലിന്റെ ഉറിമി വീശും.
  അക്ഷരങ്ങള്‍ ഓര്‍ത്തെടുക്കുമ്പഴേ
  എന്റെ തട്ടുപേക്ഷിച്ചവര്‍ പോയിരിക്കും.

  ReplyDelete
 6. പോസ്റ്റിലെ
  അവസാന വരികള്‍ക്ക്‌ താഴെ ഒരു ഒപ്പ്‌.

  ജീവിതലക്ഷ്യമറിയാത്തവര്‍ വെറുതെ സംസാരിച്ച്‌ പാഴാക്കുന്ന ആയുസ്സിനെപറ്റി ആരോര്‍ക്കുന്നു..

  ReplyDelete
 7. ആരോട് സം‌സാരിക്കുന്നു എന്നതാണ് എന്ത് സംസാരിക്കുന്നു എന്നതിന് നിദാനം.ഒരേ വിഷയം ഏതു രീതിയില്‍ സംസാരിക്കുന്നു എന്നടിസ്ഥാനപ്പെടുത്തുന്നത് സാഹചര്യമാണ്.

  ഒരിക്കലുണ്ടായ സാഹചര്യം അതേ ആളുകള്‍ അതേ സ്ഥലത്തിരുന്നാല്‍ പോലും ഉണ്ടാകണമെന്നില്ല അതായത്
  ഒരിക്കലുണ്ടായ സംസാരം റീ പ്ലേ ചെയ്യുമ്പോള്‍ അതാദ്യം ഉണ്ടായ സാഹചര്യത്തില്‍ നിന്നും വള്രെ വിഭിന്നമായിരിക്കും അതുകൊണ്ടാണ് റീ പ്ലേ ചെയ്യുമ്പോള്‍ മാനസിക അവസ്ഥ വെത്യാസപ്പെടുന്നത്.

  ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിനെ കണ്ട് തിരിച്ചുവരുമ്പോള്‍ ഓട്ടോ റിക്ഷക്ക് കൈകാട്ടി , നിറുത്താതെ ഡ്രൈവര്‍ ചോദിച്ചു ' എവിടേക്കാ? '

  ഒന്നും മിണ്ടാതെ നിന്നപ്പോള്‍ കുറച്ചുമുന്നിലായി നിറുത്തിയെങ്കിലും ഞാന്‍ പിന്തിരിഞ്ഞു ' കയറിയീട്ട് പോരെ ചേട്ടാ ചോദ്യം ചേട്ടന്‍ പൊയ്ക്കൊള്ളു ഞാന്‍ വേറെ വണ്ടി വിളിച്ചൊളാം '

  ഒരു പക്ഷെ എനിക്ക് പോകേണ്ട സ്ഥലം പറഞ്ഞാല്‍ ' അങ്ങോട്ടാണെങ്കില്‍ ഇല്ല ' എന്നും പറഞ്ഞയാള്‍ പോകുമെന്നെറിയുന്നതിനാലാണ് ഞാന്‍ പിന്‍‌തിരിഞ്ഞത്.

  ' പിന്നെന്തിനാ കൈ കാട്ടിയത്? '

  ബാക്കി പറയേണ്ടല്ലോ , എന്തായാലും ഞാന്‍ വേറെ വണ്ടി വിളിച്ചു പോയി.
  കുറച്ചുനേരം വെറുതെ റോടില്‍ കളഞ്ഞു , കഴിഞ്ഞ മാസം നടന്ന ഈ സംഭവം വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു പക്ഷെ അടുത്ത തവണ ഇതുപോലെ സംഭവിച്ചാല്‍ ഇതുതന്നെ ഉണ്ടാകും :)
  കമന്‍‌റ്റ് നീളം കൂടിയോ?
  എന്തായാലും നല്ല പോസ്റ്റ്.

  ReplyDelete
 8. എല്ലാവരും നമ്മുടെ ഇഷ്ടംപോലെ സംസാരിക്കുക എന്നത് ഒരു വ്യാമോഹം മാത്രമാണ്. ആരോട് സംസാരിക്കുന്നു എന്നതുതന്നെയാണ് പ്രസക്തം. എങ്കിലും നല്ല ഭാഷ സംസാരിക്കുക. അതൊരു അനുഭൂതിയാണ്. പിന്നെ, ബ്ലോഗില്‍ അക്ഷരപിശകുകള്‍കാണുന്നു. അക്ഷരപിശകില്ലാത്ത എഴുത്ത് അനുഭൂതിയല്ല; അനിവാര്യതയാണ്... ആശംസകള്‍.

  ReplyDelete
 9. Rumana,
  I cant go through these like articles for I get busy always. But when I entered into this, I couldnt leave without a comment.
  I ever like these like mindblowing thoughts. iniyum ingOTT varaan saadhiKaTTe.

  ReplyDelete
 10. സംഭാഷണങ്ങള്‍ക്ക് വിഷയമില്ലാത്തതിന്റെ പോരായ്മയല്ല നമ്മുടെ സംസാരങ്ങള്‍ തരംതാഴ്ന്നുപോകുന്നത്. നിലവാരമുള്ള സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആളില്ലാ എന്നതാണ്.

  my sign also

  ReplyDelete
 11. അല്പന്മാരുടെ കൂട്ടത്തിലാൺ വരുന്നതെങ്കിലും എനിക്ക് ഒരു അല്പനായാൽ മതി. ഒട്ടും മാറണ്ടാ. പരദൂഷണവും പരകാര്യവുമില്ലാത്ത ജീവിതം എനിക്ക് ശരിയാവൂല്ലാ - ഞാൻ ഞാനല്ലാതായ്പ്പോവും.

  ReplyDelete
 12. ഒരിക്കല്‍ എന്‍റെ ടീച്ചര്‍ ഞങ്ങളോടായി പറയുകയുണ്ടായി ,നിങ്ങള്‍ കൂടുതല്‍ സംസാരിക്കരുത് , നിങ്ങളുടെ വീക്കിനസ് പുറത്തു വരും, മൗനം വിദ്വാന് ഭൂഷണ മാണ് എന്ന് പറയുന്നത് അതുകൊണ്ടാണോ ..?

  നല്ല വിഷയം അഭിനന്ദനം

  ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...