Friday, February 10, 2012

തണൽ പരത്തുന്ന ഹരിത വൃക്ഷമായി അലി വളരുമോ?


കാലത്തിന്റെ ചുമരെഴുത്ത് വായിച്ച് അദ്ധ്യാപകർ മാറണമെന്നും അതുവഴി വിദ്ദ്യാർത്ഥികൾ മാറിയാൽ പൊതു സമൂഹം അപ്പാടെ മാറുമെന്നും നിരീക്ഷിച്ച രാഷ്ട്രീയ നേതാക്കൾക്കിടയിൽ നിന്നുള്ള വേരിട്ട ശബ്ദമായിരുന്നു പരമ്പരാഗത വേഷമായ തൊപ്പിയും തലപ്പാവും വെള്ളമുണ്ടും നീളൻ കുപ്പായവും മാറ്റി മൊയ്ല്യാക്കന്മാരായ ഉസ്താദുമാർ പാന്റും ഷർട്ടുമിട്ട് കാലത്തിനൊപ്പം ചേരണമെന്നത്. ആര്യാടൻ സാഹിബിനെ ബർമുടയും കുട്ടിക്കുപ്പായവുമിട്ട് കൺകുളിർക്കെ കാണാനുള്ള അവസരം കാത്തിരിക്കുകയാണ് മൊയ്ല്യാക്കന്മാർ. വെടി തീർന്ന തോക്കുകളായെങ്കിലും ചിലരൊക്കെ സിംഹ ആസനങ്ങൾ ഉറപ്പിക്കാൻ പാടുപെടുന്നത് കാണുമ്പോൾ സഹതാപം തോന്നുകയാണ്. പച്ചയാകാൻ കൊതിച്ചിട്ടും പച്ചക്കൊടിപിടിച്ചിട്ടും പച്ചയാകാൻ കഴിയാതെ ചിരിക്കണോ കരയണോ എന്നറിയാതെ ചെകുത്താനും കടലിനുമിടക്ക് എന്ന പരുവത്തിലിരിക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം അതൊന്നും വലിയ കാര്യമല്ല .
ഇന്നെല്ലെങ്കിൽ നാളെ പ്രവാസം അവസാനിപ്പിച്ച് പിറന്ന മണ്ണിൽ ഉള്ളതും തിന്ന് ഉടുത്തതും പുതച്ച് കഴിയാനുള്ള വക തേടാൻ തലപുണ്ണാക്കുന്ന ഈ സമയത്ത് മൊയ്ല്യാമാർക്കു കൂടി പാന്റ്റും ഷർട്ടും വാങ്ങിക്കൊടുക്കാൻ പ്രവാസിക്ക് കഴിയില്ല എന്ന് ആര്യാടന് അറിയാഞ്ഞിട്ടല്ല.സ്റ്റേജും മൈക്കും മുന്നിൽ നാലാളേയും ഫ്രീയായി കിട്ടിയപ്പോ വെച്ച് കാച്ചിയെന്ന് മാത്രം.

കണ്ട് മടുത്ത രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഇതു വരെ കിട്ടിപ്പോന്നത് ചിരിക്കാനും ചിരിപ്പിക്കാനുമുള്ള ഫലിതങ്ങളും പരിഹാരം കാണാതെയുള്ള പരിഹാസങ്ങളും മാത്രമായിരുന്നു എന്ന ധാരണയൊന്നും എനിക്കില്ല. എന്നിരുന്നാലും ചിലരെങ്കിലും പ്രവാസികൾക്ക് ഭാരമാകാൻ കെട്ടി എഴുന്നെള്ളുന്നവരാണെന്ന് പറയാതിരിക്കാനും വയ്യ. എന്നാൽ അതിൽ നിന്നൊക്കെ ഭിന്നമായി പ്രവാസികൾക്ക് പ്രതീക്ഷയായി ഒരു ഭാവി മന്ത്രി നമ്മെ സേവിക്കുമെന്ന വിശ്വാസം പ്രവാസികൾക്കുണ്ടായത് പ്രവാസത്തിന്റെ ചൂരും തണലും ആവോളമേറ്റ മഞ്ഞളാം കുഴിയിലാണ് എന്ന് നിസംശയം പറയാം.ഇസ്ലാമിക ചരിത്രത്തിലും കേരള ചരിത്രത്തിലുമൊക്കെ തങ്കലിപികളാൽ കൊത്തിവെച്ച് സമരിക്കുന്ന നാമങ്ങളിലൊന്നാണ് ‘അലി‘ എന്ന നാമം. പോരാട്ട വീര്യത്തിന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും ക്ഷമാക്ഷീലത്തിന്റെയും കീർത്തി പരത്തി നീതി നടപ്പാക്കിയവരിൽ എന്നും മുന്നിലുണ്ടായിരുന്നു ‘അലി‘ യാരുകൾ.
പ്രവാസത്തിന്റെ ചിലന്തി വലകളിലകപ്പെട്ട് നട്ടം തിരിയുന്ന പ്രവാസികൾ ജാതി മത രാഷ്ട്രീയ ഭേതമന്യേ ഉറ്റുനോക്കുകയാണ് ഈ ഭാവി മന്ത്രിയെ. അലി മന്ത്രിയാകുന്നതിൽ വിയോജിപ്പുള്ള ഒരു പ്രവാസിയും ഉണ്ടാകില്ല എന്നാണ് ഞാൻ അനുമാനിക്കുന്നത്.ഇനി അങ്ങിനെയുണ്ടെങ്കിൽ തന്നെ അത് രാഷ്ട്രീയവൈര്യത്താൽ സങ്കുചിതമായ മനസ്സിനടിപ്പെട്ട കീടങ്ങൾ മാത്രമായിരിക്കും. ചുകപ്പിൽ നിന്ന് പച്ച പിടിച്ച അലിയെ സംബന്ധിച്ചിടത്തോളം കൊടിപിടിച്ച് തയമ്പിച്ച തോളല്ലോ കൈവെള്ളയോ ഇല്ലായിരിക്കാം. എന്നാൽ അദ്ദേഹത്തിന് ഉരുകിയൊലിക്കുന്ന പ്രവാസത്തിന്റെ നിഷ്കളങ്ക ഭാവവും അതിലൂടെ ചാലിട്ടൊഴുകുന്ന കണ്ണീരുകളെയും തിരിച്ചറിയാനാകും എന്നകാര്യത്തിൽ സന്ദേഹമില്ല.

പ്രവാസികൾക്ക് വേണ്ടി ഒട്ടേറെ കർമ്മ പദ്ധതികളും ക്രിയാത്മകമായ ഇടപെടലുകളുടെ ഹോംവർക്കുകളുമായാണ് പ്രവാസികളെ കാണാൻ ബഹുമാന്യനായ അലിസാഹിബ് സൌദി അറേബ്യയിലെത്തിയത്. തനിക്ക് ചെയ്യാൻ കഴിയുന്നതും ചെയ്ത് കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾക്ക് പുറമെ നിങ്ങൾക്കെന്ത് വേണമെന്ന ചോദ്യങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായി എന്ന് മാത്രമല്ല ഹൈടക് മാധ്യമ സംവിധാനങ്ങളുപയോഗിച്ച് പ്രവാസികളുമായി മുഖാമുഖം നടത്തി അവരുടെ സംശയങ്ങൾക്ക് മറുപടി നൽകിയും ആവശ്യങ്ങൾ തിരക്കിയും ജനകീയനാകാനും സമയം കണ്ടെത്തി എന്നത് ആശാവഹമാണ്.ഉണങ്ങി വരണ്ട് കൊണ്ടിരിക്കുന്ന മരുപ്പച്ചയിലെ ഫലവൃക്ഷങ്ങൾ ഇലപൊഴിഞ്ഞ മരത്തടികളായി മാറാൻ കാലാന്തരങ്ങൾ കടന്ന് പോകേണ്ടതില്ല എന്ന ചിന്ത എല്ലാവരെയും
അസ്വസ്ഥമാക്കികൊണ്ടിരിക്കുമ്പോൾ ബഹുമാന്യനായ അലിസാഹിബിന്റെ നേതൃത്വത്തിൽ പ്രവാസി പങ്കാളിത്വത്തോടെ ജില്ലകൾ വേർത്തിരിച്ച് ഏതെങ്കിലും തരത്തിലുള്ള ബിസ്‌നസ് സംരഭത്തിന് തുടക്കം കുറിക്കുകയാണെങ്കിൽ അതെത്ര മഹത്തരമായ കാര്യമായിരുന്നു. വൈകി എന്ന് നമുക്ക് തോന്നാമെങ്കിലും വൈകാതെ ചിന്തിക്കുകയാണെങ്കിൽ രക്ഷപ്പെടുന്നത് ഉറ്റവരും ഉടയവരും മാത്രമായിരിക്കില്ല എന്ന ബോധം കുബേരപ്രവാസികൾക്കുമുണ്ടാകേണ്ടതുണ്ട്.

പ്രവാസി സംഘടനകളുടെ തണലിൽ തന്റെ സാമ്രാജ്യം കെട്ടി ഭദ്രമാക്കിയ ഒരു പാട് പേരെ നമുക്ക് കാണാൻ സാധിക്കുമെങ്കിലും തിനിക്ക് കിട്ടിയതും തനിച്ച് കിട്ടുമായിരുന്നതും തന്റേതായതുമെല്ലാം സഹമുറിയന്മാർക്ക് പങ്ക് വെച്ച് നിവൃതിയടഞ്ഞ മഹാമനസ്കരെയും നമുക്ക് കാണാം. വെറുതെ എന്തെങ്കിലും പറഞ്ഞ് ചിരിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഭിന്നമായ സ്വരമാണ് അലിയിൽ നിന്നുണ്ടായത് എന്ന ആശ്വസത്തിലാണ് പ്രവാസികളിന്ന്. ജീവിച്ച് കൊതി തീരും മുമ്പെ ഞെട്ടറ്റു വീഴുന്ന പ്രവാസികൾക്ക് താങ്ങും തണലുമാകാൻ എന്നും മുന്നിലുണ്ടായിരുന്നത് പ്രവാസി സംഘടനകൾ മാത്രമായിരുന്നു. നിസ്വാർത്ഥ സേവനത്തിന്റെ കുലപതിമാരായ ഈ സഹജീവികളുടെ കാരുണ്യം മാത്രമായിരുന്നു പ്രവസിക്ക് തുണയായി എന്നുമുണ്ടായിരുന്നുള്ളൂ എന്ന് മനസ്സിലാകുമ്പോഴാണ് അകിട് ചുരത്തുന്ന രാഷ്ട്രീയ നേതാക്കളുടെ തനി നിറങ്ങൾ നാം മനസ്സിലാക്കുന്നത്.
വാഗ്ദാന ലംഘനത്തിന്റെ മാറാപ്പുകളേറ്റി വീണ്ടും വീണ്ടും പ്രവാസികളുടെ മുന്നിലെത്തുന്ന രാഷ്ട്രിയ നേതാക്കളിലൊരാളായി അലിസാഹിബിന്ന് മാറാൻ കഴിയില്ലാ എന്ന് അലിയെ അനുഭവിച്ചവർക്കും അത് കണ്ടവർക്കും നന്നായിട്ടറിയാം. അതു തന്നെയാണ് പ്രവാസത്തിന്റെ പ്രയാസത്തിലിരുന്ന് അലിയേകേൾക്കുന്നവർക്കും മനസ്സിലാക്കുന്നവർക്കും ആശ്വാസകാരണമാകുന്നതും. ആ ശുഭ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം അലി ചേക്കേറിയ തണൽ പരത്തുന്ന ഹരിത വടവൃക്ഷത്തിനുണ്ട്താനും.
~®zubairchelari&rumanapadikkal~

No comments:

Post a Comment

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...