Thursday, November 26, 2009

‘മറവി മുറിവുണക്കട്ടെ...’


ജനിച്ചാൽ മരിക്കണം ,അതാണല്ലോ പ്രകൃതി നിയമം. ഇരു കൈവിരലുകളും മുറുകെ പിടിച്ച് മുഷ്ടി ചുരുട്ടി ചുറ്റുപാടുകളെ വാവിട്ട് കരഞ്ഞ് പരിചയപ്പെട്ട് ഭൂമിയിലേക്കിറങ്ങുന്ന മനുഷ്യൻ എല്ലാം വിട്ടെറിഞ്ഞ് മുറുകെ പിടിച്ച കൈവിരലുകൾ നിവർത്തി നിശബ്ദനായി നിർ വികാരനായി തിരിച്ച് പോകുന്നു.

എന്നാൽ ഈ വരവും തിരിച്ച് പോക്കും പ്രതീക്ഷിച്ചിരിക്കുന്ന മനുഷ്യൻ പെടുന്നനെയുണ്ടാകുന്ന ചില തിരിച്ച് പോക്കുകൾ അംഗീകരിക്കാനാകാതെ തളർന്ന് പോകുന്ന കാഴ്ച പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. അത്തരത്തിലൊരു തളർച്ചയുടെ ക്ഷീണമറിഞ്ഞ ദിവസമായിരുന്നു ഇക്കഴിഞ്ഞ നവം‌മ്പർ പതിനൊന്നും പന്ത്രണ്ടും.

നാടിന്റെയും വീടിന്റെയും വിളക്കുകളായിരുന്ന രണ്ട് യുവത്വങ്ങൾ പെടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയത് അംഗീകരിക്കാൻ വീട്ടുകാർക്കും നാട്ടുകാർക്കും ഇത്‌വരെ കഴിഞ്ഞില്ല എന്നത് യുവത്വങ്ങളെ അർഹിക്കുന്ന പ്രാധാന്യത്തോടെ കാണുന്നത് കൊണ്ടാകും.

എന്നാൽ ഈ പ്രാധാന്യം സ്വന്തം ശരീരത്തോട് പുലർത്തിപ്പോരാൻ ഇന്നത്തെയുവാക്കൾ മറന്ന് പോകുന്നത് യുവത്വത്തിന്റെ ചോരത്തിളപ്പ് കൂട്ടുകെട്ടിന്റെ  ധാരാളിത്തത്തിനും ചിന്താ ശൂന്യതക്കും വഴിമാറുന്നത് കൊണ്ടാകും.

അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ..!                                            

ആ വയസന്റെ വാക്ക് കേട്ടിരുന്നെങ്കിൽ..!

എന്നൊക്കെ ചിന്തിച്ച് നെടുവീർപ്പിടുന്ന നിമിഷങ്ങളിൽ ആശ്വാസമായെത്തുന്ന കരങ്ങളുടെ ചുമൽ സ്പർശം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആത്മവീര്യത്തെ തടഞ്ഞ് നിറുത്താൻ സഹായിക്കുമെങ്കിലും നഷ്ടപ്പെട്ടതിന്റെ മൂല്യം നിശ്ചയിക്കാനാകാതെ തളരുന്നത് ബന്ധുമിത്രാദികൾ മാത്രമായിരിക്കും. എന്നിരുന്നാലും വിധിയെ വിശ്വസിച്ച് സമാധാനിച്ച് പുഞ്ചിരിക്കാൻ കാലം അവർക്ക് സമ്മാനമായി കരുതിവെച്ചത് ‘മറവി ’ എന്ന മൂന്നക്ഷരം മാത്രമാണ്.

******************

മുമ്പത്തെ പോലെ വീട്ടിലൊതുങ്ങാൻ ഇന്നത്തെ യുവാക്കൾക്കാകില്ലാ എന്നത് യാഥാർത്ഥ്യമാണ്. പരോപകാരികളായി നിറഞ്ഞ് നിൽക്കുന്ന യുവാക്കൾക്ക് നാട്ടുകാരും വീട്ടുകാരും നൽകുന്ന സ്വീകാര്യതയും അംഗീകാരവും യുവാക്കളെ സഹായ ഹസ്തങ്ങളുമായി ഓടി നടക്കാൻ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ, അരിപ്പാറ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകാണാൻ ഇറങ്ങിത്തിരിച്ച ഞങ്ങളുടെ നാടിന്റെ രണ്ട് മക്കളെ കണ്ടെത്തുന്നതിനായി രാപകലില്ലാതെ ഓമശ്ശേരിയിലെ സന്നദ്ധപ്രവർത്തകരും ചേന്ദമംഗല്ലൂർ പുല്പറമ്പിലെ സന്നദ്ധപ്രവർത്തകരും ഒന്നിച്ചപ്പോൾ ഞങ്ങൾക്ക് കിട്ടിയത് ഒരിക്കലും കിട്ടില്ലാ എന്ന് കരുതിയ ഞങ്ങളുടെ നാടിന്റെ പൊന്നോമനകളുടെ ചേതനയറ്റ ശരീരമായിരുന്നു.

ജീവിത വഴിയിലെ മുൾമുനകളിൽ തറച്ച് നിൽക്കുന്ന പരുക്കൻ യാഥാർത്ഥ്യങ്ങളെ കരുത്തോടെ നേരിട്ട നൌഷാദിന്റെ ജീർണിച്ച ശരീരം കൈവെള്ളയിലെടുക്കാൻ ചേന്ദമംഗല്ലൂരിലുള്ള ബഷീറിന്നും ശിഹാബിന്നും മുസ്ഥഫക്കും മടിയൊന്നുമുണ്ടായില്ല. ഇടറാത്ത മനസ്സുമായി ചേളാരിയിലെ നൊഷാദിന്റെ വീട്ടിലെത്തിയ ചേന്ദമംഗലൂരിന്റെ മൂവർ സംഘത്തിന്ന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും നിറമിഴികളോടെ മുറിഞ്ഞ വാക്കുകളും വിറയാർന്ന ചുണ്ടുകളുമായി നിന്നു.

പ്രതിഫലം കാംക്ഷിക്കാത്ത നിസ്തുല്യ സേവനത്തിന്റെ ഉത്തമ മാതൃകയുമായി ഞങ്ങളുടെ നാട്ടിലെത്തിയ ആ യുവാക്കളോട് ‘ നന്ദി ’ എന്ന രണ്ടക്ഷരം പറയാൻ നാക്കെടുത്തെങ്കിലും അത് പോരെന്ന് തോന്നി ചുണ്ടുകൾ കടിച്ച് പിടിച്ച് ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു ഞാൻ... നാഥാ..... ഈ യുവാക്കൾക്ക് നീ തന്നെ പ്രതിഫലം നിശ്ചയിക്കണെ , നിന്റെ ഖജനാവിലാണ് അതിന്ന് പാകമായ മൂല്യമുള്ളത്.. ഞാൻ അവർക്കും ഞങ്ങൾക്കും വേണ്ടി നിന്നിലേക്ക് കൈനീട്ടുന്നു. ഒപ്പം മരിച്ച ഞങ്ങളുടെ സഹോദരങ്ങളായ ഫസലുവിന്നും നൌഷാദിന്ന് വേണ്ടിയും. 

**********************

ഇന്ന് നമ്മുടെ യുവാക്കൾക്കിടയിൽ സാഹസികമായ ദൃശ്യ ആസ്വാദനത്തിന്റെ കൂട്ടായ്മകൾ ദിനം പ്രതി വർദ്ദിച്ചുവരികയാണ്. ഒരുപക്ഷെ ഗൾഫ് പണത്തിന്റെ ഒഴുക്കും കൊഴുപ്പും ഇതിന്ന് ആക്കം കൂട്ടുന്നുണ്ട് എന്ന് വേണമെങ്കിലും കരുതാം . വർഷങ്ങൾക്ക് ശേഷം വീണ് കിട്ടുന്ന ഇത്തിരി ദിവസങ്ങളിലെ പച്ചപ്പുകൾ കണ്ടില്ലെന്ന് നടിക്കാൻ ഇന്നത്തെ യുവാക്കൾക്കാവില്ലാ എന്ന പരമാർത്ഥം അംഗീകരിച്ച് കൊണ്ട് തന്നെ പറയട്ടെ.... അല്പം ചില നിയന്ത്രണങ്ങൾ നിങ്ങളെ ഉടമപ്പെടുത്തിയവർക്കായിട്ടെങ്കിലും നിങ്ങൾക്ക് ആവശ്യമുണ്ടെന്ന ചിന്ത നിങ്ങൾക്ക് തന്നെയുണ്ടാവണം. ഇല്ലാതിരുന്നാൽ പ്രതീക്ഷിക്കാത്ത ദുരന്തങ്ങളും ദുരിതങ്ങളും  നിത്യ വേദനയിലേക്കെടുത്തെറിയാൻ പാകത്തിന്ന് ചില നിശ്ചല ജീവനുകൾ  നമ്മുടെ നിത്യ കാഴ്ചയായ് മാറും..,

ദേശത്തിന്റെ അനുശോചനം ഇവിടെ

6 comments:

  1. vidhi paraydheyanu makkale nangaleyokke kondupogoka sraddikkanam.eppam venamengilum kaalan varam.....

    ReplyDelete
  2. വളരെ ചിന്താർഹമായ പോസ്റ്റ്..

    ReplyDelete
  3. അപകട മരണങ്ങൾ കൂടി വരുമ്പോൾ ഒരു വിചിന്തനം നല്ലത് തന്നെ

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...