Tuesday, December 30, 2008

കോളാമ്പികള്‍ മോചനം നേടി.. പക്ഷെ..

മുനുഷ്യന്ന് മാത്രമായി ദൈവം നല്‍കിയ വിവേക ബുദ്ധിയെ സ്വയം പടച്ചുണ്ടാക്കിയ ചട്ടക്കൂടിനുള്ളില് തളച്ചിടാന്‍ കാലങ്ങളായി ചില നേതൃത്വങ്ങള്‍നടത്തിപ്പോന്ന ശ്രമങ്ങളെ തിരസ്കരിച്ച് കൊണ്ട് സര്‍വ്വ സ്വാതന്ത്ര ചിന്തയിലേക്ക് കൂര്‍മ്മബുദ്ധിയെ തിരിച്ചപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ് പോയത് നാം നമ്മുടേതെന്ന് മാത്രം ധരിച്ച് വെച്ചിരുന്ന ചില സംസ്കാരങ്ങളാണ്. അത്തരത്തിലൊരു സംസ്കാരത്തിന്റെ ഭാഗമായിരുന്നല്ലോ തുപ്പക്കോളാമ്പികള്‍.

പ്രൗഢിയുടെയും പെരുമയുടെയും മഹിമ വിളിച്ചറിയിച്ച് കൊണ്ട് പലരൂപത്തിലും വലിപ്പത്തിലും സ്ഥാനം പിടിച്ച കോളാമ്പിയെ താങ്ങാന്‍ പോലും അടിയന്മാരുണ്ടായിരുന്നു എന്നതും ഇന്ന് ഓര്‍മ്മ മാത്രമായി ചുരുങ്ങി. അകത്തിരുന്ന് ത്തുപ്പുന്നവരുടെ സഹചാരിയായിരുന്ന കോളാമ്പികള്‍ക്ക് ശനികാലം തുടങ്ങിയത് കന്നാസും കടലാസും പെറുക്കുന്നവര്‍പെരുകിയപ്പോഴാണെന്ന് പറയാമെങ്കിലും കാലഘട്ടത്തിലെ ഒരു സംസ്കാരത്തിന്റെ അനിവാര്യമായ മാറ്റത്തിനായിരുന്നു ഈ പെറുക്കികളിലൂടെ നാം തുടക്കം കുറിച്ചത്.

ഇരുണ്ട ജീവിത ശൈലികളിലേക്ക് പുരോഗമനത്തിന്റെ സൂര്യകിരണങ്ങള് പതിച്ച് തുടങ്ങിയപ്പോള്‍ അനഭിമതനായി മൂലയിലും കട്ടിലിന്നടിയിലും പതുങ്ങിയിരുന്ന കോളാമ്പികള്‍ യജമാനന്‍ പോലുമറിയാതെ ചാക്കിനുള്ളില്‍ കയറി രാജ്യം വിട്ട് സ്ഥലം കാലിയാക്കി.

അസഹ്യമായ തുപ്പലുകള്‍ സഹിച്ച് മോചനത്തിന്ന് യാചിച്ചിരുന്ന ഈ നിര്‍ജ്ജീവകള്‍ക്ക് സ്വതന്ത്ര്യം നേടിക്കൊടുക്കാന്‍ ചാക്കുമായി യാചിച്ച അണ്ണാച്ചികളെ കേരളത്തിലെ യുവതലമുറ സഹര്‍ഷം സ്വാഗതം ചെയ്തപ്പോള്‍ പുരികം ചുളുക്കിയ കോളാമ്പിദേശവാദികള്‍ അന്നുമുണ്ടായിരുന്നു. എങ്കിലും ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ബാക്കിവെക്കാതെ ദൌത്യം പൂര്‍ത്തിയാക്കിയ ചാക്ക് മുതുകില്‍ തൂക്കിയവര്‍ വളക്കൂര്‍മനസ്സിലാക്കി പറങ്കികളെപ്പോലെ പറ്റിപ്പിടിച്ച് കടിച്ച് തൂങ്ങുന്ന അവസ്ഥക്ക് അല്പമെങ്കിലും മാറ്റംവരാന്‍ ആഗോള സാമ്പത്തിക മാന്ദ്യവും അരിയുടെ കുത്തനെയുള്ള വിലക്കയറ്റവും വരെ കാത്തിരിക്കേണ്ടി വന്നു.

ഇതുവരെ പറഞ്ഞത് യജമാനരാല്‍ അവഹേളിക്കപ്പെട്ട കോളാമ്പികളുടെ മോചനത്തിന്റെ കഥ.
എന്നാല്‍ ഇനി പറയേണ്ടത് ആധുനിക യുഗത്തിലിരുന്ന് നേതൃത്വങ്ങള് അനുയായികളെ കോളാമ്പികളായി പരിഗണിക്കുന്നതിനെ കുറിച്ചാണ്.


ആധുനികതയുടെ പുറം തോടണിഞ്ഞ ജനതക്കനുസൃതമായി കോളാമ്പികളുടെ രൂപത്തിനും ഭാവത്തിനും മാറ്റം വന്നിട്ടുണ്ടെങ്കിലും തുപ്പുന്ന യജമാനന്മാരുടെ സ്വഭാവത്തിന്ന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാ എന്നത് സമീപകാലങ്ങളില്‍ ചില നേതൃത്വങ്ങളില്‍നിന്നുണ്ടായ പ്രസ്ഥാവനകള്‍ കാണുമ്പോള്‍ മനസ്സിലാക്കാം.
കാലപുരോഗതിയുടെ അടയാളമായി തെങ്ങ്കെട്ടി കോളാമ്പികളും കവലപ്രസംഗങ്ങളും നമുക്ക് അന്യമായി തുടങ്ങിയപ്പോള്‍ മീഡിയകളിലൂടെ
സ്വീകരണമുറിയിലേക്കൊഴുകിയെത്തിയ പല പ്രസ്ഥാവനകളും ഏത് തരത്തില് വിലഇരുത്തപ്പെടും എന്ന് പോലും ചിന്തിക്കാതെ
സമൂഹ മദ്ധ്യത്തിലേക്ക് വിളമ്പുന്ന നേതൃത്വങ്ങളുടെ കോളാമ്പികളായി സ്വയം പരിണമിച്ചവരുടെ അവസ്ഥയാണ് ദയനീയമായിട്ടുള്ളത് . മുമ്പൊക്കെ വെറും തുപ്പലായിരുന്നെങ്കില് ഇന്ന കാറിതുപ്പുന്നതും സഹിക്കാന് വിധിക്കപ്പെടുകയാണവര് .

നേതൃത്വങ്ങളെ അംഗീകരിക്കുക എന്നത് തന്നെയാണ് അച്ചടക്കമുള്ള ഓരോ അനുയായിയുടെയും കടമയെങ്കിലും എന്ത് വിഢിത്വം പറഞ്ഞാലും അനുസരിക്കും എന്ന ചിന്ത നേതൃത്വങ്ങള്‍ക്കും നല്ലതല്ല. വിധേയത്വമനോഭാവം മുതലെടുക്കുന്ന ഈ പ്രവണത മൂല്യച്യുതിയിലേക്ക് നയിക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

സ്വീകരിക്കാനുള്ള മനോഭാവം മലയാളികളുടെ മനോ മന്ത്രം പോലെ ഉറച്ചതാണെന്ന കാര്യത്തില് നമുക്ക് അഭിമാനിക്കാം , എന്നാല് തിരസ്കരിക്കേണ്ടതിനെ തിരിച്ചറിയാനുള്ള കഴിവും മലയാളിക്കുണ്ട് എന്നകാര്യം പലനേതൃത്വങ്ങളും മറക്കുന്നുവോ എന്ന് തോന്നത്തക്കരീതിയിലുള്ള പ്രസ്ഥാവനകള് നേതൃത്വങ്ങളില്‍ നിന്നുണ്ടാവുമ്പോഴാണ് കോളാമ്പികളായാണോ ഇവര് നമ്മെ പരിഗണിക്കുന്നത് എന്ന് തോന്നിപ്പോകുന്നത്. തങ്ങളെന്ത് പറഞ്ഞാലും സ്വീകരിക്കുന്ന അനുയായികളാണ് നമുക്കുള്ളത് എന്ന ചിന്ത അസ്തമിച്ചു എന്ന് പൂര്‍ണമായിപറയാനാവില്ലെങ്കിലും പറയുന്നകാര്യങ്ങളുടെ അന്തസ്സില്ലായ്മയെ തിരിച്ചറിയാനും അത് പരസ്യമായി പറയാനും കഴിയുന്നു എന്നത് വിധേയത്വമനോഭാവത്തിന്റെ അസ്തമയത്തിനുള്ള തുടക്കമാണെന്ന് കരുതാം.
ഇന്ന് വിത്യസ്തമായ ചിന്താധാരകളെ ഒരു കുടക്കീഴില്‍ വെച്ച് പൊറുപ്പിക്കാന് ഒരു വിഭാഗവും തയ്യാറല്ലാ എന്ന ഒരു അവസ്ഥയും ഈ അവസ്ഥ ചൂഷണം ചെയ്ത് വിഭാഗീയതയിലൂടെ വിഭജനം നേടിയെടുത്ത് ഇരിപ്പിടം ഉറപ്പിക്കുന്ന നല്ലതോ ചീത്തയോ ആയ ഒരു പ്രവണതയും നിലവിലുണ്ട്. ഫലത്തില് ഏതൊരു കുട്ടിനേതാവിനും ഒരു കൂട്ടായ്മയുണ്ടാക്കാന്‍ പാകത്തിന് അണികള് മാറിക്കഴിഞ്ഞു എന്നതിന്ന് എത്ര എത്ര ഉദാഹരണം നമുക്ക് മുന്നിലുണ്ട്. എങ്ങോട്ട് വിളിച്ചാലും വളച്ചാലും കൊടിപിടിക്കാന് പാകത്തിന് ഫ്ലെക്സിബിലിറ്റി എങ്ങിനെയാണ് മലയാളിയി ല്‍ പറ്റിപ്പിടിച്ചത് എന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം നാം ഇപ്പോഴും കോളാമ്പി സംസ്കാരം കൈവിട്ടിട്ടില്ലാ എന്നത്.

എല്ലാം മനസ്സിലാക്കി പഴയ കോളാമ്പി സംസ്കാരത്തെ തട്ടിത്തെറുപ്പിച്ച് ഒരു പുതിയ യുഗത്തിനായി കൊതിക്കുന്നുണ്ടെങ്കിലും പറ്റിപ്പിടിച്ച സംസ്കാരത്തിന്റെ ധൂളുകള്‍ കഴുകിക്കളയാന് മനുഷ്യമറവികള്‍ സഹായകമാകും എന്ന ചിന്തയായിരിക്കും അസഹനീയമായ തുപ്പലുകള്‍ സഹിച്ച സംസ്കാരംനഷ്ടപ്പെടാത്തവര്‍ മൌനം പൂണ്ടിരിക്കുന്നത് .
ഒരു നല്ലനാളയുടെ പുലരി വിടരുമ്പോള്‍ തുപ്പലുകള്‍ തുടച്ച് നീക്കിക്കൊണ്ട് ഇന്നത്തെ കോളാമ്പിയായവര്‍ മുന്നിലുണ്ടാകുമോ എന്നത് കാലം തെളിയിക്കേണ്ടതാണെങ്കിലും ചില വിടവുകള്‍ നികത്തിക്കൊണ്ട് ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ക്ക് പിറകില്‍ അനുസരണശീലം മാത്രമുണ്ടായിരുന്ന ചില അനുയായികളുമുണ്ടായിരുന്നു എന്നത് എല്ലാകാലത്തും എല്ലാവരെയും കോളാമ്പികളായി കണക്കാക്കാന് ആകില്ലാ എന്നതിന്റെ ശുഭ സൂചനയാണ് എന്ന് പറയാതെവയ്യ.

തിരിച്ച് തുപ്പില്ലാ എന്ന് കരുതിയ കോളാമ്പികള്‍ തുറിച്ച് നോക്കുമ്പോള്‍ യജമാനന്മാരുടെ പുരികം വിറക്കുന്നത് സ്വാഭാവികമെങ്കിലും തന്റെ പുരികം വിറച്ചാല്‍ കുലുങ്ങാന്‍ പാകത്തിനുള്ള പ്രജകള്‍ ഇളകാതെ തുറിച്ച് നോക്കുമ്പോള്‍ സ്ഥലകാല ബോധം വീണ്ടെടുക്കാത്ത യജമാനന്ന് കന്നാസിന്റെയും കടലാസിന്റെയും തോളില്‍ തൂക്കിയ കീറച്ചാക്കിലായിരിക്കും വിശ്രമജീവിതമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി യെങ്കിലും വേണം ,
ഇല്ലെങ്കില്‍ അടിയന്മാര്‍ ഒരിക്കല്‍ കയ്യിലേന്തിയ കോളാമ്പി യജമാനന്‍ കയ്യിലേന്തി അടിയന് തുപ്പാന് പാകത്തിന് നീട്ടിക്കൊടുക്കേണ്ട ഗതികേടിലേക്ക് കാലം അവരെ കൊണ്ട് ചെന്നെത്തിക്കും എന്നതാണ് കോളാമ്പി യുഗത്തില് നിന്ന് പരിണാമം വന്ന് ഇന്നത്തെ ആധുനികയുഗത്തിലെ കോളാമ്പികളെന്ന് മുദ്രകുത്തപ്പെട്ടവര് നേതൃത്വങ്ങ ള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പാഠം.
ആജ്ഞാപിക്കുന്നവരുടെ അജ്ഞാനത്തിലും മുഖസ്തുതിക്ക് വേണ്ടി ശരിപാടുന്ന ജ്ഞാനികളും ധനമോഹികളുമായ കോളാമ്പികള്‍ നമ്മുടെ ഇടയില്‍ പെറ്റ്പെരുകിക്കൊണ്ടിരിക്കുമ്പോള്‍ തുപ്പലേറ്റ്വാങ്ങിയ ചെറുകോളാമ്പികള് മുഷിഞ്ഞിരിക്കുന്നതും നാം കണ്ടു.
ജനഹിതമല്ലാത്തതെന്നും നീതീകരിക്കാനാകാത്തതെന്നും പൂര്‍ണബോധ്യമുണ്ടെങ്കിലും യജമാനന്‍ പറഞ്ഞകാരണത്താല്‍ ന്യായീകരിക്കുന്ന ഇത്തരം വിധേയത്വ സ്വഭാവമാണ് കോളാമ്പിയുഗത്തില് നിന്ന് നാം ഒരുപാട് പിന്നിട്ടെങ്കിലും കോളാമ്പികളാണ് അനുയായികളെന്ന് ധരിച്ച് വെക്കാന് ചില നേതൃത്വങ്ങള്‍ക്കാവുന്നത്. സത്യ വിരുദ്ധമായ കാര്യങ്ങള്‍ ആരില്‍ നിന്നുണ്ടായാലും സ്ഥാന മഹിമ നോക്കാതെ ചോദ്യം ചെയ്യാന്‍ കേരളീയന് ഇനിയും ആകുന്നില്ലാ എന്നത് ന്യായാ അന്യായങ്ങളെ വേര്‍തിരിക്കുന്നതിലെ പോരായ്മയോ കഴിവ്കേടോ അല്ല . ധനമോഹത്തിന്റെയും സ്വാര്‍ത്ഥ താലപര്യത്തിന്റെയും അടങ്ങാത്ത മോഹത്തി ല്‍ മനപ്പൂര്‍വ്വം വിസ്മരിക്കുന്നതാണ് എന്നകാര്യം എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ യജമനന്ന് കോളാമ്പി നീട്ടിക്കൊടുക്കുന്ന പ്രജകള്‍ ഇനിയും ഉണ്ടാകുമെന്നെല്ലാതെ മനുഷ്യ കോളാമ്പികള്‍ക്ക് ആധുനിക യജമാനന്മാരുടെ തുപ്പലില്‍ നിന്ന് മോക്ഷം സാധ്യമെ അല്ല.

സ്വതന്ത്ര ചിന്തയിലൂടെ നാം എന്താണെന്നും നാം ആരാണെന്നും നാം എങ്ങിനെയായിരിക്കണമെന്നും നാം എന്തിനാണെന്നും നാം സ്വയം തീരുമാനിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമുണ്ട്. എങ്കിലെ നമ്മിലെ നല്ലചിന്തയെ നന്മക്ക് വേണ്ടി വര്‍ത്തിക്കാനാവുകയുള്ളൂ. അല്ലാത്തിടത്തോളം കാലം പണയപ്പെടുത്തിയ ചിന്തയുമായി ആജ്ഞകള്‍ അനുസരിക്കാനെ നമുക്കാവുകയുള്ളൂ.

2008 പടി ഇറങ്ങുമ്പോള്‍ പകരക്കാരനായി പടികയറേണ്ടത് അടിമപ്പെടാത്ത നന്മയില്‍ പൊതിഞ്ഞ ചിന്തകളും നന്മനിറഞ്ഞ സല്‍പ്രവൃത്തികളുമായിരിക്കട്ടെ... അതിന്ന് വേണ്ടി കേരളീയര്‍ എന്ന ഒരറ്റ ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ ഒരുമയോടെ നമുക്ക് മുന്നേറാം.

എല്ലാവര്‍ക്കും പുതുമയും നന്മയും നിറഞ്ഞ പുതുവത്സരാശംസകള്‍

10 comments:

  1. ചിന്തകള്‍ പലതരത്തിലായിരിക്കും. നിങ്ങളുടെ ശരി എന്റെ ശരിയായിരിക്കണമെന്നും എന്റെ ശരി നിങ്ങളുടെതായിരിക്കണമെന്നുമില്ല. എന്നാലും ചില ചിന്തകള്‍ നമ്മെ ഒരേബിന്ധുവിലേക്ക് നയിക്കും . ആചിന്തകളുടെ ശരിയും തെറ്റും നിര്‍ണയിക്കാന്‍ ഒരു പുനര്‍ചിന്തക്ക് വീണ്ടും തിരഞ്ഞെടുത്താല്‍ ഒരു പക്ഷെ നമുക്ക് കാണാന്‍ കഴിയുന്നത് പതിരുകളില്‍ മൂടപ്പെട്ട സത്യങ്ങളാണെങ്കിലോ?.. അംഗീകരിക്കുന്നവരുമുണ്ടാകാം അംഗീകരിക്കാത്തവരുമുണ്ടാകാം. കാരണം കാലങ്ങളായി അംഗീകരിച്ച പതിരുകളെ പിഴുതെറിയാന്‍ പെട്ടെന്ന് നമുക്കാവില്ലാ എന്നത് തന്നെ..

    ReplyDelete
  2. വീട്ടിലെ കോളാമ്പി മുറ്റത്തിനപ്പുറം കൊണ്ട്പോയി മറിച്ച് കിണറ്റിന്‍ കര വെക്കണം
    ഉമ്മ നേരമായാല്‍ വന്ന് കഴുകി കോലായിമൂലയില്‍
    തിരിച്ചെത്തിക്കും
    ഹൊ കോളാമ്പി ചുമക്കാന്‍ ഇനി ആവില്ല അല്ലേ?

    ReplyDelete
  3. പഴയ കോളാമ്പികളെ കോപ്പര്‍ പെയ്ന്ററിച്ചു പോളീഷു ചെയ്തൂ ഷോക്കേസില്‍ ഡ്രൈ ഫ്ലവര്‍ നിറച്ചു വെക്കൂ. അതിനേ കൊള്ളൂ.....!

    ReplyDelete
  4. സ്വയം കല്പിത അപ്രമാദിത്വവും പ്രമാണിത്വവും ചവച്ചരച്ച്, 'ബഡാപ്പുറത്ത്' ചാഞ്ഞിരുന്നു ബഡായി പറയുന്ന ഭൂപ്രഭുക്കന്മാരുടെ തുപ്പല്‍ പേറിയ കോളാമ്പികളെ കുറിച്ചു പറഞ്ഞപ്പോള്‍ റുമാന മറന്ന മറ്റൊരു തരം കോളാമ്പികള്‍ ഉണ്ട്. പൊളിഞ്ഞു വീഴുന്ന ചുവരുകള്‍ക്ക് ചാരെ, പെരുമഴയെ ഭയക്കുന്ന നല്ലപാതിക്കരികില്‍, കാലൊടിഞ്ഞ കട്ടിലില്‍ കിടന്നു ചുമക്കുന്ന മുഴുപ്പട്ടിണിക്കാരുടെ ചോര കലര്ന്ന കഫം പേറുന്ന പിച്ചള കോളാമ്പികള്‍..!! സ്വന്തം വീട്ടിലെ ആ കോളാമ്പി എത്രയും വേഗം 'കടലാസും കന്നാസും പെറുക്കുന്നവര്‍' കൊണ്ടു പോകട്ടെ എന്ന ചിന്തയാണ് പുതിയ ലോകത്തിന്‍റെ ശാപം എന്ന് പറയാതിരിക്കാന്‍ വയ്യ.

    ReplyDelete
  5. സത്യത്തില്‍ ഇപ്പോള്‍ എനിക്ക്‌, എണ്റ്റെ ഉപ്പ ഉപയോഗിച്ചിരുന്ന, ഉമ്മ എന്നും വൃത്തിയാക്കിക്കൊടുത്തിരുന്ന കോളാമ്പി ഓര്‍മ്മ വരുന്നു. ഉപ്പയ്ക്കിപ്പോള്‍ പഴയതിലും പ്രായമായെങ്കിലും, കോളാമ്പി ഉപയോഗിക്കുന്നില്ലല്ലോ എന്നതും തെല്ല് ആശ്ചര്യത്തോടെ തന്നെ ഞാന്‍ ഓര്‍ത്തെടുക്കുന്നു.
    എന്നാല്‍ റുമാന ഊന്നിപ്പറയുന്ന കോളാമ്പികളെയും തുപ്പല്‍ വിദഗ്ധരെയും കുറിച്ചോര്‍ത്ത്‌ ഞാനും കുറെ സങ്കടപ്പെട്ടിട്ടുണ്ട്‌. തിരിച്ചറിവുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം നമുക്ക്‌.
    ആശംസകള്‍

    ReplyDelete
  6. അഗ്നി പൊള്ളില്ല..
    കാടേറില്ല...

    നീയീ ഭൂമിതന്‍ മകള്‍.
    വേല ചെയ്ത്‌ പുലരുന്നവളായ്‌,
    പുലര്‍ത്തുന്നവളായ്‌...
    സ്വയം ജീവിതം.

    പൊന്‍ കൊടിക്കൂറ പോല്‍..
    ഉയര്‍ത്തിപ്പിടിച്ചും,

    കൊടിക്കൂറ പോല്‍...

    തല താഴില്ല,
    താഴ്ത്തില്ല...
    ഇവള്‍ തന്‍ കാലില്‍ നില്‍പ്പവള്‍...

    ഇവള്‍ക്ക്‌ മക്കളായ്‌
    ശക്തിനാളങ്ങള്‍ പിറകെ വരും...
    നിന്‍ ചുമലില്‍ ചാരി
    ഭൂമിയൊന്നാശ്വസിച്ചിടും....

    ReplyDelete
  7. വീട്ടിനുള്ളില്‍ വീട്ടുകാരുടെ തുപ്പല്‍ മാത്രം എറ്റിരുന്ന പല കോളാമ്പികളും ഇന്ന് നാട്ടുകാര്‍ക്ക്‌ മൊത്തത്തില്‍ തുപ്പാന്‍ പാകത്തില്‍ പരുവപ്പെടുത്തിയെടുത്തതും ചിലപ്പോള്‍ ഈ സ്വതന്ത്ര ചിന്തയുടെ അതോ ചിന്തയില്ലായ്മയുടെയോ ഫലമായിരിക്കാം

    നിരീക്ഷണങ്ങള്‍ കൊള്ളാം

    ആശംസകള്‍

    ReplyDelete
  8. ""സ്ത്രീ... പ്രപഞ്ചത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന മാദകതിടമ്പ്‌!!, വളച്ചാലും നിവര്‍ത്തിയാലും പൊട്ടിയേക്കാവുന്ന സ്‌ഫടികരൂപം!!.അറിഞ്ഞോ അറിയാതെയോ ഉപഭോഗ വസ്തുവായി തരം താഴ്‌പ്പെട്ട പവിത്രമായ ജന്മം """
    strong and bold lines........
    +++++++
    greetings from thrissivaperoor

    ReplyDelete
  9. ഞാന്‍ കുറച്ച് നാള്‍ മുന്‍പ് എന്റെ ബ്ലോഗില്‍
    “ചക്രം” ത്തെപ്പറ്റി എഴുതിയപ്പോള്‍ ആരോ ഒരാള്‍ കോളാമ്പിയെപറ്റി എഴുതാന്‍ പറഞ്ഞിരുന്നു..
    ഏതായാലും റുമാന എഴുതിയ സ്ഥിതിക്ക് ഇനി ഞാന്‍ എഴുതുന്നില്ലാ...
    ഞങ്ങളുടെ നാട്ടില്‍ രണ്ട് തരം കോളാമ്പി ഉണ്ട്. ഒന്ന് തുപ്പാനും, മറ്റൊന്ന് പാത്താനും....
    ഇപ്പോള്‍ രണ്ടും കാണാനില്ല..
    ഞങ്ങള്‍ കുന്നംകുളത്ത് കാര്...... മുറുക്കുന്നവരാണ്.കാലത്ത് പെണ്ണുങ്ങള്‍ മുറ്റമടിച്ചു കഴിഞ്ഞാല്‍ ചെല്ലം നിറയെ വെറ്റില,അടക്ക, ചുണ്ണാമ്പ്, പുകയില എന്നിവ നിറച്ച് വെക്കും.. വീട്ടില്‍ അഥിതികള്‍ വന്നാല്‍ ആദ്യ്ം കൊടുക്കുന്നത് മുറുക്കാന്‍ ചെല്ലമാണ്. ചിലറ് കോളാമ്പിയില്‍ തുപ്പും, ചിലര്‍ മുറ്റം നിറയെ തുപ്പി നിറക്കും.
    ഞാന്‍ കഴിഞ്ഞ ആഴ്ച എന്റെ തറവാട്ടില്‍ [ചെറുവത്താനി - കുന്നംകുളം] മുറുക്കിത്തുപ്പാന്‍ കിട്ടിയത് ഒരു പഴയ പെയിന്റിന്റെ ടിന്നാണ്. ഇപ്പോള്‍ കോളാമ്പിയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.. സഹോദരന്‍ വി. കെ. ശ്രീരാമന് ടോയലറ്റില്‍ പോകുമ്പോള്‍ മുറുക്കുന്ന പതിവുണ്ട്. അവിടെയും ഒരു ടിന്ന് ഇരിപ്പുണ്ട്...

    ReplyDelete
  10. ഉമ്പാച്ചി ,
    കരീം മാഷ്‌ ,
    വഴിപോക്കന്‍ ,
    ശിഹാബ്‌ മൊഗ്രാല്‍ ,
    bosubose ,
    ബഷീര്‍ വെള്ളറക്കാട്‌ / pb ,
    ജെപി. ,

    വളരെ നന്ദി...

    വഴിപോക്കന്‍ പറഞ്ഞ പിച്ചളക്കോളാമ്പികളും ദയാവധത്തിന്റെ അനുമതികാത്തിരിക്കുകയാണ്. അധികം വൈകാതെ ആകാഴ്ചയും നമുക്ക് കാണാം.

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...