Showing posts with label സൌഹൃദം. Show all posts
Showing posts with label സൌഹൃദം. Show all posts

Friday, August 8, 2008

സൌഹൃദങ്ങള്‍ക്ക് അകലവും കണക്കും വേണം.

നാമിന്ന് സൌഹൃദങ്ങള്‍ കെട്ടിപ്പടുക്കാനുള്ള വെമ്പലില്‍ വിലപ്പെട്ട സമയത്തെ കൊല്ലുന്ന തിരക്കിലാണല്ലോ. പലര്‍ക്കും ഒരു നേരമ്പോക്ക് മാത്രമാണിതെങ്കിലും ചിലര്‍കൊക്കെ ജീവിതത്തിന്റെ മേച്ചില്പുറങ്ങളില്‍ ഒറ്റപ്പെടുമ്പോഴുള്ള ആശ്വാസമാണെന്നകാര്യം നാം മറന്നുകൂടാ.
എന്നാല്‍ നിരാശരായ ഒരുകൂട്ടം സൌഹൃദസമ്പാദ്യത്തിന്റെ കണക്ക് പറയുമ്പോഴാണ്‍ നാമതിന്റെ ആഴങ്ങളിലേക്കെത്തിനോക്കുന്നത്. സൌഹൃദം കൊണ്ട് നേടിയവരും നഷ്ടപ്പെട്ടവരും മാനം നഷ്ടപ്പെട്ടവരും നമുക്കിടയില്‍ ധാരാളമുണ്ടാകും. നല്ല സൌഹൃദങ്ങളെ തിരഞ്ഞെടുക്കാനും തിരിച്ചറിയാനും ഇന്നത്തെ കാലത്ത് നാം ഒരുപാട് ക്ലേശിക്കേണ്ടി വരുന്നു എന്നത് വസ്തുതയാണ്.
എല്ലാമേഖലയിലും മായം കലര്‍ന്നിരിക്കുമ്പോള്‍ ബന്ധങ്ങളിലെ മാന്യതയും ചോര്‍ന്നുപോകുന്നതില്‍ അതിശയപ്പെടാനില്ല. എങ്കിലും ചില തിരിച്ചറിവുകള്‍ നമുക്കുണ്ടായിരുന്നെങ്കില്‍ എന്ന് നാം ആശിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകാതിരിക്കില്ല.

ഈ അടുത്ത് അത്തരത്തിലൊരു സംഭവത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നത് യാദൃച്ഛികമായിട്ടായിരുന്നു.
സൌദിയിലെ വാരാന്ത്യത്തിന്റെ ആഘോഷവുംകഴിഞ്ഞ് തളര്‍ന്നുറങ്ങിയ ഒരു സുപ്രഭാതം.
മൊബൈലും ലാന്റ്ഫോണും നിര്‍ത്താതെ മണിമുഴക്കികൊണ്ടിരിക്കുന്നു. പാതിമയക്കത്തില്‍ ഹലോ പറഞ്ഞപ്പോള്‍ മറുതലക്കല്‍ അടുത്ത ബന്ധു.
പത്രം നോക്കിയോ എന്ന് മാത്രം ചോദിച്ചു ഇഷ്ടന്‍ ഫോണ്‍കട്ട് ചെയ്തു.
നാട്ടില്‍ നിന്ന് സുപ്രധാനമായ ഒരു വാര്‍ത്തവന്നതാണ്‍ കാര്യം .
ഇനിയും സമയമുണ്ടല്ലോ . ഉറക്കത്തിന്റെ പിരിമുറുക്കം മാറട്ടെ.. എന്നിട്ടാവാം പത്രം വായന.

ഞാന്‍ ഹസ്സിനോട് കാര്യം പറയാതെ വന്ന് കിടന്നെങ്കിലും വീണ്ടും ടെലിഫോണ്‍ ശബ്ദിച്ച് കൊണ്ടെയിരുന്നു.
ഇത്തവണ ഹസ്സാണ്‍ ഫോണെടുത്തത്.

ഒരു സുഹൃത്താണ്.

അദ്ധേഹവും പത്രവാര്‍ത്തയെകുറിച്ച്‌തന്നെയാണ്‍ പറയുന്നത്
കാര്യമെന്തന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന് മകനെ വിളിച്ചുണര്‍ത്തി പത്രം റൂമിലെത്തിച്ചു.
മുന്‍പേജിലെ മധ്യകോളത്തില്‍ ചെറിയൊരു പെട്ടിക്കോളം.
“പ്രസവക്കിടക്കയില്‍ നിന്ന് ഭാര്യ ഒളിച്ചോടി” എന്ന ഒരു തലക്കെട്ടും.
മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു ടൌണിലെ ജ്വല്ലറിഉടമയുടെ ഭാര്യയാണ്‍ ഒളിച്ചോടിയിരിക്കുന്നത്. ആടൌണിന്റെ ഹൃദയ ഭാഗത്ത് സ്ഥലപ്പേരില്‍ അറിയപ്പെടുന്ന ജ്വല്ലറി എന്റെ അടുത്ത ബന്ധുവിന്റെതാണ്‍. ജ്വല്ലറിയുടെ പേര് കൊടുക്കാതെ സ്ഥലപ്പേരില്‍ വാര്‍ത്തകൊടുത്തതാണ്‍ കൂട്ടുകാരില്‍ സന്ദേഹമുണ്ടാക്കാന്‍ കാരണമായതെന്ന് മനസ്സിലായെങ്കിലും ഞാന്‍ അസ്വസ്ഥയായി.

അവ്യക്തമായ വാര്‍ത്തയുടെ നിജസ്ഥിതി അറിയണമല്ലോ. ഞാന്‍ ന്യൂസ് എഡിറ്ററെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ കാര്യങ്ങളറിയാനായി അന്വോഷണം ആരംഭിക്കുകയും തുടര്‍ന്ന് കിട്ടിയ വിവരങ്ങളനുസരിച്ച് “സൌഹൃദങ്ങള്‍ക്ക് അകലവും കണക്കും വേണം” എന്ന തലക്കെട്ടില്‍ അതേ പത്രത്തില്‍ ഒരു പ്രതികരണം എഴുതുകയും ചെയ്തു.
എന്നാല്‍ കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കാന്‍ എനിക്കായില്ല.
എന്ത് കൊണ്ടാണ്‍ സ്ത്രീകള്‍ക്ക് ഇത്രയധികം മനക്കട്ടിയുണ്ടാകുന്നതെന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തി. മനസ്സിലെവിടെയോ ഒരു കൊളുത്ത് വീണപോലെ ഈ സംഭവം എന്നെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു. എന്റെ വേദനയുടെ കാഠിന്യം കൂടുന്നതിന്നനുസരിച്ച് ഞാന്‍ സംഭവത്തിന്റെ എല്ലാവശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് കൊണ്ടേയിരുന്നു.
ആഇടക്കാണ്‍ മറ്റൊരു സമാന സംഭവം കൂടി ഇതേപ്രദേശത്ത് ഞങ്ങളെയൊക്കെ ഞെട്ടിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് .
ഇത്തവണത്തെ വാര്‍ത്ത മറ്റൊരു രീതിയിലായിരുന്നു. ഒരു പ്രാവാസിയുടെ ഭാര്യ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വരുന്ന മദ്രസാ അദ്ധ്യാപകനില്‍ നിന്ന് ഗര്‍ഭിണിയായിരിക്കുന്നു…
ഇങ്ങിനെ ദിവസവും നാം അറിയാതെയും അറിഞ്ഞും നടക്കുന്ന എത്രയോ സംഭവങ്ങള്‍. അവിഹിത ബന്ധങ്ങളും അവിഹിത ഗര്‍ഭങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെങ്കിലും ചില അന്വേഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ എനിക്ക് ചെന്നത്താനായത് മൂഢന്മാരായ ചില ഭര്‍ത്താക്കന്‍ മാരുടെ പോരായ്മയിലേക്കാണ്.
മുകളില്‍ പറഞ്ഞ രണ്ട് സംഭവങ്ങള്‍ക്കും വെത്യസ്ഥമായ സാഹചര്യങ്ങളാണ്‍ ഉണ്ടായിട്ടുള്ളത്.
ഒന്ന് വിരഹദു:ഖം പേറി കൂട്ടിലടക്കപ്പെട്ടവളെന്ന് മുദ്ര ചാര്‍ത്തപ്പെട്ടവളും മറ്റൊന്ന് സ്വദേശത്തിന്റെ സ്പന്ദനമറിഞ്ഞ് ജീവിത സഹയാത്രികനായ കണവന്റെ ചൂട്പറ്റിയുറങ്ങുന്നവളും.

ഒരു പ്രവാസിയുടെ ഭാര്യാപദം അലങ്കരിക്കുന്ന സ്ത്രീയുടെ വികാരങ്ങളെ മാനിച്ച് നമുക്ക് തല്‍ക്കാലം അങ്ങോട്ട് പോകേണ്ടതില്ലാ എന്ന് തോന്നുന്നു. എങ്കിലും നിത്യവൃത്തിക്ക് വേണ്ടി പണയപ്പെടുത്തിയ കൈത്താങ്ങുകളുടെ മാനം കെടുത്തുന്ന സാഹചര്യങ്ങളെ നാം പറയാതെ പോകുന്നതും ശരിയല്ല. പ്രവാസത്തിന്റെ ചൂടിലും മനസ്സിലിട്ട് താലോലിക്കുന്ന മണവാട്ടിയുടെ മനോഗതി എന്താണെന്നറിയാത്തവരല്ല പ്രവാസികളെന്നകാര്യം അറിഞ്ഞ് കൊണ്ട്തന്നെ പറയട്ടെ അറിഞ്ഞിട്ടും അറിയാത്ത മൌനികളായി മാറിയതിന്റെ പിന്നിലേ നിസ്സഹായാവസ്ഥ നാട്ടുനടപ്പുകളും ആചാരങ്ങളും തലക്ക് മുകളില്‍ മുനകൂര്‍ത്ത വാളുകളായി തുങ്ങുന്നു എന്നത് തന്നെയാണ്‍. യുവതിയായാല്‍ അവധിയായി എന്ന് കരുതിയിരുന്ന ഒരു സമുദായത്തിന്റെ അടിത്തട്ടില്‍ നിന്നും ചെറുസ്ഫോടനങ്ങളായി പൊട്ടിത്തെറിച്ച ചീളുകള്‍ ചെന്ന് പതിക്കുന്നത് എവിടെയാണെന്ന് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. എന്നാല്‍ ചില ചീളുകള്‍ ചെന്ന് പതിച്ചത് പ്രവാസികളുടെ നെഞ്ചിലായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

കാമാന്ധന്റെ കണ്ണുകള്‍ക്ക് മൂര്‍ച്ചയേകാനെപ്പോഴും സഹായകമായിട്ടുള്ളത് പ്രവാസത്തിന്റെ മധുരവും കൈപ്പും സ്വന്തമാക്കിയവരുടെ പത്നിമാരായിരുന്നു എന്നകാര്യവും എന്റെ നിരീക്ഷണത്തില്‍ സ്ഥാനം പിടിച്ചതാണ്.

നമ്മുടെ നാട്ടില്‍ മുസ്ലിം സമുദായത്തില്‍ പള്ളിദറസുകള്‍ എന്ന ഒരു മതവിദ്യാഭ്യാസ സംമ്പ്രദായം നിലവിലുണ്ട്.

നല്ലകാര്യം .

മതമൂല്യങ്ങളെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് ഇന്ന് ഒഴിച്ച് കൂടാനാകാത്തതാണ്. അതുകൊണ്ട് തന്നെ എല്ലാ‍അര്‍ത്ഥത്തിലും ബഹുമാനിതരായിരുന്ന ഈ ശുഭ്രവസ്ത്രധാരികള്‍ക്ക് മഹല്ലടിസ്ഥാനത്തില്‍ വീതിച്ചെടുത്ത വീടുകളില്‍ ദൈവ പ്രീതികാംക്ഷിച്ച് മാത്രം ഭക്ഷണം ഒരുക്കുന്ന പ്രാദേശിക നിയമങ്ങളും നിലവിലുണ്ട് . എന്നാല്‍ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഈ പള്ളിദറസ് മുത‌അല്ലിമുകള്‍ക്കിന്ന് തലപ്പാവിന്റെ വാല്‍ നോക്കി ബഹുമാനം വീതിച്ചെടുത്തപ്പോഴാണ്‍ ദു:ഖകരമായ പല ചീഞ്ഞ് നാറുന്ന വാര്‍ത്തകളും പുറത്ത് വന്നത്. എല്ലാമത ജാതിയിലും ഇത്തരം പ്രവണതകള്‍ കണ്ട് വരുന്നുണ്ടെങ്കിലും ദൈവ ദൂതനായി അവതരിച്ച് അന്നവും കഴിച്ച് ഗ്രഹനാഥന്റെ മനസ്സും പറിച്ചെടുത്ത് അച്ചിയുടെ ഇറച്ചിയും ഭുജിച്ച് രമിക്കുന്ന ഒരു കൂട്ടര്‍ മുസ്ലിം സമുദായത്തിലെ കാണാനാകൂ. പരസ്ത്രീബന്ധത്തിനെതിരെ ശക്തമായ വിധി വിലക്കുകള്‍ പഠിപ്പിക്കുന്ന ഇസ്ലാമിക അദ്ധ്യാപനത്തിന്റെ ഒരദ്ധ്യായം തന്നെ നമുക്ക് മുന്നില്‍ പഠിപ്പിച്ച് തരുന്ന ഗുരുവര്യന്മാരില്‍ നിന്ന് തന്നെ ഇത്തരം പൊറുക്കപ്പെടാനാകാത്ത തെറ്റുകള്‍ സംഭവിക്കുമ്പോള്‍ പോലും മഹല്ല് ഭാരവാഹികള്‍ മാനക്കേടോര്‍ത്ത് ഇരു ചെവിയറിയാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും നമുക്ക് കാണാനായിട്ടുണ്ട്. എന്നാല്‍ ഗ്രാമങ്ങളിലേക്ക് ഇരുട്ടിനെ കീറിമുറിച്ച് വെളിച്ചത്തിന്റെ കിരണങ്ങള്‍ ആധുനികതയുടെ തേരിലേറി പ്രകാശം പകര്‍ന്നപ്പോള്‍ തലപ്പാവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കാമാന്ധന്മാരില്‍ ചിലര്‍ക്കെങ്കിലും ചോരതുപ്പേണ്ടി വന്നിട്ടുണ്ട് എന്നത് മറ്റൊരു സത്യം.
സമൂഹനന്മക്ക് മത പുരോഹിതന്മാര്‍ കാഴ്ചവെച്ച നിസ്തുല്യസേവനത്തെ ഒരിക്കലും വിസ്മരിക്കാനാവില്ല. എന്നാല്‍ ഇവരില്‍ ചിലകള്ളപുരോഹിതന്മാര്‍കടന്ന് കൂടിയത് ഇവര്‍പോലും അറിയുന്നത് വളരെ വൈകിയാണെന്നകാര്യം ഒരു വിഭാഗത്തെ മുഴുവനും പ്രതിക്കൂട്ടില്‍ നിര്‍ത്താനും സംശയത്തോടെ വീക്ഷിക്കാനും കാരണമാകുന്നു എന്നത് വേദനാജനകം തന്നെയാണ്.
ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ ഇനിയെങ്കിലും പ്രവാസികളുടെ വീട്ടിലേക്ക് പ്രാദേശികനിയമങ്ങളുടെ പേര്‍ പറഞ്ഞ് മുഅല്ലിമീങ്ങളെയോ മുത‌അല്ലിമീങ്ങളെയോ പറഞ്ഞയക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കേണ്ടതുണ്ട്.
ഇന്ന് ബഹുഭുരിഭാഗം പ്രവാസികളും കൂട്ടമായോ സ്വന്തമായോ ഭക്ഷണം പാകംചെയ്ത് വയറ് നിറക്കുമ്പോള്‍ വളയിട്ടകൈകളാല്‍ പാകപ്പെടുത്തിയ ഭക്ഷണം തന്നെ കഴിക്കണമെന്ന് വാശി കാണിക്കുന്നത് ഉചിതമല്ലാത്തതും നീതിക്ക് നിരക്കാത്തതുമാണ്. ഉണക്ക റൊട്ടിയും കുബ്ബൂസും കഴിച്ച് ദിവസങ്ങളെണ്ണിക്കഴിയുന്ന പ്രവാസികള്‍ നഷ്ടപ്പെടാനും കഷ്ടപ്പെടാനും മാത്രം വിധിക്കപ്പെട്ടവരായി കഴിയണമെന്ന മനോഭാവം വെച്ച് പുലര്‍ത്തുന്നതും അഭികാമ്യമായിരിക്കില്ല. എന്ത് കൊണ്ടാണ്‍ പള്ളിദറസ്സുകളില്‍ മെസ്സ് ഏര്‍പ്പെടുത്താന്‍ മടിക്കുന്നത് ? അല്ലെങ്കില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മടിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പലസ്ഥലങ്ങലിലും മഹല്ല് കമ്മറ്റികളില്‍ ഇങ്ങിനെയുള്ള നിര്‍ദേശങ്ങള്‍ പലപ്രവാസികളും മുന്നോട്ട്‌വെക്കുമ്പോള്‍ നിരാകരിക്കപ്പെടുന്നു എന്നത് തന്നെയാണ്‍ പ്രാവാസികളുടെ വീടുകളില്‍ നിത്യ സന്ദര്‍ശകരായി മാറുന്ന ശറഫാക്കപ്പെട്ട ചില മൊയ്‌ല്യാക്കന്മാര്‍ക്ക് (എല്ലാവരും അങ്ങിനെയാണെന്ന് എനിക്കഭിപ്രായമില്ല. ) തീറ്റയും കുടിയും മാത്രമല്ല അന്തിയുറക്കവും തരം‌പോലെ ഒത്ത് കിട്ടുന്നത്.

വിരഹിണികളുടെ ദാഹം ചൂഷണം ചെയ്യുന്ന പലസംഭവങ്ങളില്‍ ഒന്ന് മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചതെന്ന്എനിക്കറിയാം. പലതരത്തിലുള്ള വിലയിരുത്തലുകളും കാഴ്ചപ്പാടുകളും ഇതുമായി ബന്ധപ്പെട്ട് ഓരോരുത്തര്‍ക്കും പറയാനുമുണ്ടാകും.

എന്നാല്‍ ഭര്‍ത്താവിനെ ഉറക്കിക്കെടുത്തി കാമുകന്ന് പായവിരിച്ച് കൊടുക്കുന്നവരെ കുറിച്ച് നാമെന്താണ്‍ പറയുക. അത്തരത്തിലൊരു സംഭവമാണ്‍ ഞാന്‍ പത്രവാര്‍ത്തയുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാണിച്ചത്. ഇവിടെയാണ്‍ സൌഹൃദങ്ങളുടെയും ബന്ധങ്ങളുടെയും വിശ്വാസതയെ നാം സംശയത്തോടെ വീക്ഷിക്കുന്നത്. സൌഹൃദങ്ങള്‍ക്ക് വേണ്ടി ലോകം തന്നെ നമ്മുടെ കൈകുമ്പിളിലേക്ക് ഒതുങ്ങിത്തരുമ്പോള്‍ വ്യാപകമായ സ്വീകാര്യതയും അനന്തമായ സാധ്യതയുമാണ്‍ നമുക്ക് മുന്നില്‍ തുറന്ന് കിട്ടിയത്. ആര് ? എന്നചോദ്യം തന്നെ അപ്രസക്തമാകുന്നതരത്തില്‍ സ്വീകാര്യതനേടിയ സൌഹൃദങ്ങള്‍ അടുക്കളയിലേക്കും പിന്നെ ബെഡ്‌റൂമിലേക്കും നീങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ നിര്‍വ്വചനമെന്തന്നറിയാത്ത മൂഢന്മാരായചില ഭര്‍ത്താക്കന്മാര്‍ വഞ്ചിക്കപ്പെട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ.
സൌഹൃദങ്ങള്‍ നമുക്ക് അത്യാവശ്യമാണെന്നകാര്യത്തില്‍ തര്‍ക്കമില്ല എന്നാല്‍ അത് ഏത്, എങ്ങിനെ ,എത്രവരെ ആ ബന്ധങ്ങളുടെ സ്വാതന്ത്ര്യമാവാമെന്ന് നാം പലപ്പോഴും ചിന്തിക്കുന്നില്ല. യുഗങ്ങളുടെ കുത്തഴിഞ്ഞ പ്രയാണത്തില്‍ മടിക്കുത്തഴിക്കുന്ന സൌഹൃദങ്ങള്‍ തഴച്ചുവളരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതില്‍ വീട്ടുകാരുടെയോ രക്ഷാതാക്കളുടെയോ ഭര്‍ത്താവിന്റെയൊ പങ്ക് തള്ളിക്കളയാനാവുന്നതല്ല. സ്ത്രീയെന്ന വര്‍ഗ്ഗത്തിന്റെ മനസ്സളക്കാന്‍ കഴിയാതെപോകുന്ന ഭര്‍ത്താക്കന്മാര്‍ സൌഹൃദ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ നിങ്ങള്‍ താലോലിച്ചോമനിക്കുന്ന മനസ്സുകളെ ഇളക്കിപ്രതിഷ്ടിക്കാന്‍ സൊഹൃദസ്വതന്ത്ര്യത്തിന്റെ അതിരുകള്‍ ഭേദിക്കാന്‍ തല്പര്യപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്ക് നിഷ്പ്രയാസം സാധിക്കും എന്നകാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും.