Showing posts with label വിവാഹം. Show all posts
Showing posts with label വിവാഹം. Show all posts

Monday, November 17, 2008

ആരാണ് ഈ ‘ചിലരെന്ന’ ചിലര്‍ ?

അതെ… ഇപ്പോഴാണ്‍ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. ബഹു : കാന്തപുരം ഉസ്താദിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാം അനുവദിക്കാത്തതിനാല്‍ ‘ചിലര്‍ക്ക്’ബഹു ഭാര്യത്വമാകാം’ എന്നുള്ള ഫത് വയെ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. (ബഹുഭാര്യത്വം എല്ലാവര്‍ക്കും അനുവദിനീയമായിട്ടില്ലാ എന്നകാര്യം കുര്‍‌ആനിലൂടെ വെക്തമാക്കിയതാണ്‍ എന്നതിനാല്‍ തന്നെ വീണ്ടും ഒരു ചിലര്‍ എന്നത് ആവശ്യമില്ല എങ്കിലും)

ഫത്‌വ കേട്ടപടി വാളെടുത്ത് ഓങ്ങിയവരില്‍ ഞാനും ഉള്‍പ്പെട്ടു എന്നതില്‍ ഖേദമുണ്ട്.
ഉസ്താദ് പറഞ്ഞത് ‘ചിലര്‍ക്ക്’ അനുവാദമുണ്ട് എന്നാണ്‍. ആരാണ്‍ ഈ ചിലര്‍ എന്ന് അന്വേഷിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ ഈ കോലാഹലമൊന്നും ഉണ്ടാകുമായിരുന്നില്ല.

ഏതായാലും‘ഈ ചിലര്‍’ ആരാണെന്ന് എന്റെ അന്വേഷണത്തില്‍ കിട്ടിയ വിവരം ഇതുമായി ബന്ധപ്പെട്ട് ഒരു ലേഖനവും ഇരുപത്തി ഒന്ന് ചോദ്യങ്ങളും നിങ്ങളുടെ മുന്നിലേക്കിട്ട എനിക്ക് വെളിപ്പെടുത്താതിരിക്കാന്‍ നിര്‍വാഹമില്ല.

കുറച്ച് നാളുകളായി നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന്‍ പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ്‍ ഈ ‘ചിലര്‍ ’

[ഇത് പറയുമ്പോള്‍ ഈ ‘ചിലര്‍’മാത്രമാണ്‍ ഈ നീചകൃത്യം നിര്‍വ്വഹിക്കുന്നത് എന്നല്ല, ഖുര്‍‌ആന്‍ പഠിപ്പിക്കുന്ന ‘ചിലര്‍’ ഈ കൃത്യം നിര്‍വ്വഹിക്കുമ്പോള്‍ അതിന്റെ ഗൌരവം നിങ്ങള്‍ മനസ്സിലാക്കുമല്ലോ]

പള്ളി ദറസുകളിലെ മുത‌അല്ലിമീങ്ങള്‍ക്കും മദ്രസ അദ്ധ്യാപകര്‍ക്കും ഭക്ഷണം മഹല്ലടിസ്ഥാനത്തില്‍ വീതിച്ചെടുത്ത വീടുകളില്‍ ദൈവപ്രീതി മാത്രംകാംക്ഷിച്ച് വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന പുണ്യകര്‍മമാണ്‍ ഈ ‘മൊയ്‌ല്യാര്‍ ചെലവ്’ എന്ന് പറയുന്ന സമ്പ്രദായം.

മുമ്പൊക്കെ വീട്ടുകാര്‍ അവര്‍ക്കുണ്ടാക്കുന്ന കഞ്ഞിയായാലും കപ്പയായാലും തൃപ്തിപ്പെട്ട് പോകുമായിരുന്ന ലളിതമായ ശൈലി വിഭാഗിയതക്ക് മൂര്‍ച്ച കൂടിയപ്പോള്‍ ആധുനികതയുടെ ആവരണമണിയാന്‍ തുടങ്ങി.(ആധുനികതയെ സ്വീകരിച്ചിരുത്തിയപ്പോള്‍ എന്നും പറയാം)

മറ്റ് പണിയൊന്നുമില്ലാതെ വിഭാഗീയതയുടെ പണിപ്പുരയിലിരുന്ന് തന്ത്രങ്ങള്‍ മെനഞ്ഞ് ഇക്കൂട്ടര്‍ തടിച്ച് കൊഴുത്തപ്പോഴാണ്‍ ‘ചിലര്‍’ എന്ന് മുദ്രകുത്താന്‍ പാകത്തിന്ന് ഇവര്‍ വളര്‍ന്നു എന്നത് ചരട് പിടിച്ചവര്‍ക്ക് പോലും മനസ്സിലാകുന്നത്.
വാര്‍ത്താമാധ്യമങ്ങളുടെ അതിപ്രസരവും യുവാക്കളുടെ കൈകരുത്തും ഒന്നിച്ച് ചേര്‍ന്നപ്പോള്‍ ‘ചില’ കഫം തീനികളുടെ കൊഴുപ്പ് ഉരുകിയൊലിച്ചെങ്കിലും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കിക്കൊണ്ട് ഈ ‘ചിലര്‍’ പ്രവാസികളുടെ ഭാര്യമാരെയും അവരുടെ മക്കളെയും(തരം കിട്ടുമ്പോള്‍ സ്വദേശികളുടെ ബെഡ്‌റൂമിലും ഈ ‘ചിലര്‍’അന്തിയുറങ്ങിയത് മറക്കുന്നില്ല) കൊഴുപ്പ് ഇറക്കിവെക്കാനുള്ള ഉപാധിയായി വിലസിയപ്പോഴാണ്‍ പലര്‍ക്കും ബോധം വീണത്,

പ്രവാസത്തിന്റെ ചൂടില്‍ ഒരുകി ഒലിക്കുമ്പോഴും തന്റെ മക്കളുടെ ഉസ്താദ്മാര്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം വിളമ്പാന്‍ പണം തേടുമ്പോള്‍ പലരാത്രികളിലും ‘കുബ്ബൂസി’ല്‍ ഒതുക്കി അരവയറുമായി പൊരുത്തപ്പെടേണ്ടിവന്നിട്ടുണ്ടെങ്കിലും ദൈവ പ്രീതി മാത്രം പ്രതീക്ഷിച്ച് ദീന്‍ പഠിപ്പിക്കാനെന്നെ വ്യാജേനെ ഇത്തിക്കണ്ണികളായി പറ്റിപ്പിടിച്ചവരെ വിശ്വസിക്കുകയായിരുന്നു ഈ പാവങ്ങള്‍.

അപകടം മനസ്സിലാക്കിയ പലരും പരാതിയുമായി നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെ അടുത്തേക്ക് നിരന്തരം ഒഴുകിത്തുടങ്ങിയതോടെ സ്വദേശത്ത് തന്നെ തളച്ചിടാന്‍ നിര്‍ബന്ധതിരാവുകയായിരുന്നു ഈ ‘ചിലരെ’

ചിലവോട് കൂടി കുറഞ്ഞ വേതനം പറ്റുന്ന ഈ ‘ചിലര്‍ക്ക്’ ഭക്ഷണം വിളമ്പുന്നതില്‍ നിന്ന് അപ്പോഴും മുക്തമായിട്ടില്ലായിരുന്നു ബുദ്ധിയൊട്ടുമില്ലാത്ത ‘ചില’ മുസ്ലിം സ്ത്രീകള്‍.

ഇങ്ങിനെ സ്വദേശത്തിരുന്ന് തന്നെ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കിട്ടിത്തുടങ്ങിയപ്പോള്‍ ക്ഷമാശീലം പാടെ നശിക്കുന്ന കാഴ്ചയാണ്‍ പിന്നെ കാണാനായത്. ഈ ചിലരില്‍ പെട്ട പലര്‍ക്കും സ്വഭാര്യക്ക് ആര്‍ത്തവമായാല്‍ അന്ന് തൊട്ട് somnambulism പിടിപെട്ടതോടെ നാട്ടുകാര്‍ക്ക് ശല്യമായിതുടങ്ങിയപ്പോള്‍ ഒരു പരിഹാരമെന്ന നിലക്കാണ്‍‘സ്വ ഭാര്യക്ക് ആര്‍ത്തവകാലമാകുമ്പോള്‍ വികാരശമനത്തിനായി ’ ( ‘ചിലര്‍ക്ക് ’ ) ബഹു ഭാര്യത്വമാകാമെന്ന് പറഞ്ഞത് എന്നാണ്‍ ഞാന്‍ മനസ്സിലാക്കുന്നത്.

ഈ അര്‍ത്ഥത്തിലാണ്‍ കാന്തപുരം ഉസ്ഥാദ് ആ പറഞ്ഞെതെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ല.

അല്ലാതെ ബഹുഭാര്യത്വത്തിന്ന് സ്വീകാര്യമായ കാരണങ്ങളുടെകൂടെ സ്ത്രീകള്‍ക്ക് മാത്രമായി ദൈവം നല്‍കിയ ആര്‍ത്തവകാലത്ത് തന്റെ പുരുഷന്ന് മറ്റൊരു വിവാഹം കഴിക്കാന്‍ അനുമതിയുണ്ട് എന്ന് പറയുന്നത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്,
ഇനി ഇസ്ലാമികമായി ഈ പ്രസ്ഥാവനക്ക് തെളിവായേക്കാവുന്ന ഏതെങ്കിലും ഹദീസോ,ഖുര്‍‌ആന്‍ സൂക്തങ്ങളോ ഉണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തി മുസ്ലിം സ്ത്രീകളെ ബോധ്യപ്പെടുത്തുക എന്ന ധാര്‍മ്മികമായ ഉത്തരവാദിത്വം ഇതിനെ അംഗീകരിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ബാധ്യതയുമുണ്ട്.

അദ്ധ്വനിച്ച് ജീവിക്കുന്ന ഒരാള്‍ക്കും സ്ത്രീകളുടെ കൂടിയ ആര്‍ത്തവകാലമായ പതിനഞ്ച് ദിവസം ക്ഷമിക്കാതിരിക്കാന്‍ കഴിയില്ല എന്നതല്ലെ യാഥാര്‍ത്ഥ്യം. വിവാഹ ബന്ധങ്ങളുടെ പവിത്രത ലൈംഗികമായ വികാര പൂര്‍ത്തീകരണം മാത്രമാണെന്ന് ചിന്തിക്കുന്നവര്‍ ഏതായാലും അദ്ധ്വാനിച്ച് ശീലിച്ചവരാകാന്‍ വഴിയില്ല.

അന്യന്റെ ഭക്ഷണം ഓസിയില്‍ കിട്ടുന്നവര്‍ക്ക് മാത്രമെ അതിന്ന് സാധിക്കൂ എന്ന് പറയുമ്പോള്‍ തന്നെ മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു യാഥാര്‍ത്ഥ്യവും നാം മറന്നുകൂടാ. അത്തരത്തിലുള്ള ഉസ്താദുമാര്‍ ഇന്നും നിലവിലുണ്ട് എന്നത് കൊണ്ടാണ്‍ ചിലയിടത്തെങ്കിലും പള്ളിദറസുകളും മദ്രസകളും മാനഹാനിയില്ലാതെ ഇസ്ലാമിക സംസ്കാരം മുറുകേപിടിച്ച് മുന്നോട്ട് പോകുന്നത് എന്നും നാം വിസ്മരിക്കാന്‍ പാടുള്ളതല്ല.
ക്ഷമയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും പവിത്രത പഠിപ്പിക്കുന്നതിന്ന് പകരം വിഭാഗീയതയുടെ ബാലപാഠങ്ങളാണ്‍ നാം പഠിച്ച് കൊണ്ടിരിക്കുന്നത്. ‘ചില’ മത നേതാക്കളുടെയും മതത്തെ വികലമാക്കുന്നവരോട് സന്തിചെയ്യാത്ത പോരാട്ടം നടത്തുന്നു എന്ന് അവകാശപ്പെടുന്നവരുടെയും പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മതത്തിനോട് വെച്ച് പുലര്‍ത്തുന്ന കൂറ് തന്നെ ചോദ്യചിഹ്നനമാവുകയാണ്‍.

മതത്തെ വികലമാക്കാതെ കാത്ത് സൂക്ഷിക്കുക എന്നത് ഓരോ മത വിശ്വാസിയുടെയും കടമയാണ്‍. ആരെങ്കിലും തന്റെ ആദര്‍ശങ്ങള്‍ക്കെതിരെ ചോദ്യമുന്നയിക്കുമ്പോള്‍ വാളെടുക്കുന്ന സമീപനം ഒരു മതത്തെയും ആദര്‍ശത്തെയും പുരോഗതിയിലേക്കല്ല നയിക്കുക.
ഇത്തരം കുറെ ‘ചിലര്‍’നമുക്കിടയില്‍ നാം അറിയാതെ നുഴഞ്ഞ് കയറിയത് കൊണ്ടല്ലേ സമൂഹവും മതവും വിശ്വാസവും വികലമായിക്കൊണ്ടിരിക്കുന്നത്. വിശ്വാസത്തെ വികലമാക്കാതെ കാത്ത് സൂക്ഷിക്കണമെങ്കില്‍ നാം ആദ്യം കരുണയും ക്ഷമയും കാരുണ്യവും നീതിയും സ്വായത്തമാക്കിയിരിക്കണം,

ഇതൊന്നുമില്ലാത്ത ഒരാള്‍ക്കെങ്ങിനെ വിശ്വാസത്തെ സംരക്ഷിക്കാനാകും?.
നമുക്ക് മാതൃകയായി നാം അനുകരിക്കുന്ന നബിചര്യയുടെ, സ്വഹാബികളുടെ ചരിത്രം പഠിച്ചില്ലായിരുന്നോ ഈ ‘ചിലര്‍’? അവരൊക്കെ സഹനത്തിന്റെ സഹവര്‍ത്തിത്വത്തിന്റെയും കാരുണ്യത്തിന്റെയും നീതിയുടെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പ്രതീക്ഷയുടെയും കിരണങ്ങള്‍ വിതറിയായിരുന്നില്ലെ ഇസ്ലാമിന്റെ അടിത്തറക്ക് രൂപം നല്‍കിയത്.

എവിടെപ്പോയി? ആക്ഷമയും കാരുണ്യവുമെല്ലാം.

ഇവിടെയാണ്‍ സമുദായത്തിന്ന് അപചയം സംഭവിച്ചത്. അതൊകൊണ്ട് തന്നെയാണ്‍ ‘ചിലരെ’കുറിച്ച് കാന്തപുരം ഉസ്താദിന്ന് ഇങ്ങിനെയൊരു പ്രസ്താവന ഇറക്കേണ്ടി വന്നതും.

പ്രിയ സഹോദരി സഹോദരന്‍ മാരെ, ജീവിതം ലളിതമാണ്‍. അതിന്ന് ഇസ്ലാം നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അതിലളിതമാണ്‍. ഉന്നതിയില്‍ ജീവിച്ച് ലളിതമായി ചിന്തിക്കുന്ന ഒരു നേതൃത്വമല്ല നമുക്ക് വേണ്ടത് , ലളിതമായി ജീവിച്ച് ഉന്നതിയില്‍ ചിന്തിക്കുന്ന നേതൃത്വമാണ്‍ നമുക്കാവശ്യം, അവിടെയെ ഇസ്ലാം വിജയിക്കുകയുള്ളൂ. അവിടെയെ ഐക്യവും ദൃഢവുമായ ഒരു സമൂഹം വിരിയുകയുള്ളൂ. അവരിലൂടെ മാത്രമെ ക്ഷമയും കാരുണ്യവും മനുഷ്യരാശിക്ക് ഗുണഗരമായി വര്‍ത്തിക്കുകയുള്ളൂ.. അല്ലാത്ത പക്ഷം ഉസ്താദ് ഇപ്പോള്‍ പ്രസ്താവന ഇറക്കിയപോലെ ഈ ‘ചിലര്‍’ക്ക് വേണ്ടി ഇനിയും ഇത്തരത്തിലുള്ള ഫത്‌വകള്‍ ഇറക്കുകതന്നെ നിര്‍വാഹമുള്ളൂ.

ഈ വിഷയം ഇതോടെ ഞാന്‍ അവസാനിപ്പിക്കുന്നു. അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍)
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ആര്‍ത്തവകാലമായ 7, 15 ദിവസത്തെ കാലയലവില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഇസ്ലാം അനുവദിക്കാത്തതിനാല്‍ വ്യഭിചരിക്കുമെന്ന് ഭയമുള്ളവര്‍ എന്താണ്‍ ചെയ്യേണ്ടതെന്ന് ഇരുപത്തി ഒന്ന് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും മറുചോദ്യങ്ങളും വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം. താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്കിയാല്‍ വായിക്കാവുന്നതാണ്‍.

ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയത് ആരെന്നും ഉത്തരത്തെ പിന്താങ്ങിയവര്‍ ആരൊക്കെ എന്നും അറിയാന്‍ ‘21 ചോദ്യങ്ങള്‍’എന്ന ലേഖനത്തിലെ കമന്റ് ബോക്സ് കാണുക.

‘ചിലരെ’ കുറിച്ച് ഞാന്‍ മാസങ്ങള്‍ക്ക് മുമ്പ് “സൌഹൃദങ്ങള്‍ക്ക് അകലവും കണക്കും വേണം” എന്ന എന്റെ ലേഖനത്തില്‍ പരാമര്‍ഷിച്ചിരുന്നു , വായിക്കാന്‍ താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്കുക.

വാല്‍ കഷ്ണം: ഞാന്‍ ഇവര്‍ തന്ന ഉത്തരങ്ങളെ അംഗീകരിക്കുന്നു എന്നും അറിയിക്കട്ടെ..
~~~~~~
നന്മയിലായിരിക്കട്ടെ നമ്മുടെ ചിന്തകള്‍ നന്മക്ക് വേണ്ടിയാകട്ടെ നമ്മുടെ പോരാട്ടം.